buffer-zone

വയനാട് കാരാപ്പുഴ റിസര്‍വോയറിന്‍റെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട് നിര്‍മാണത്തിന് പോലും അനുമതി നിഷേധിക്കപ്പെട്ട നൂറു കണക്കിന് കുടുംബങ്ങളാണ് ജില്ലയിലുള്ളത്. സ്വന്തമായുള്ള ഭൂമി പൂര്‍ണമായും ബഫര്‍ സോണില്‍ പെടുന്നതിനാല്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടിട്ടും വീട് നിര്‍മിക്കാനാകാതെ ദുരിതത്തിലാണ് ഇവര്‍.  

കാലപഴക്കത്തില്‍ വീട് തകര്‍ന്നു വീണതോടെ നെല്ലാറച്ചാല്‍ സ്വദേശി വസന്തയും മക്കളും മൂന്ന് കൊല്ലമായി ഷെഡിലാണ് താമസം. ലൈഫ് മിഷനില്‍ ഉള്‍പ്പെട്ടെങ്കിലും ഭൂമി കാരാപ്പുഴയുടെ ബഫര്‍ സോണിലായതിനാല്‍ നിര്‍മാണത്തിന് അനുമതി കിട്ടിയില്ല. റിസര്‍വോയറിന് സമീപമുള്ള വസന്തയുടെ ഭൂമി പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കാമെന്ന് 2005ല്‍ ഉറപ്പ് നല്‍കിയെങ്കിലും 19 വര്‍ഷത്തിനിപ്പുറവും ഒന്നും സംഭവിച്ചില്ല.

ഞാവലത്ത് കോളനിയിലെ കല്യാണി അമ്മയുടെ വീടിന് മുപ്പത് കൊല്ലത്തിലധികം പഴക്കമുണ്ട്. രണ്ടു തവണ മരം വീണ് വീട് ഭാഗികമായി തകര്‍ന്നതോടെ ലൈഫ് മിഷനില്‍ പുതിയ വീടിനു അനുമതി നല്‍കി. എന്നാല്‍ അവിടെയും വില്ലന്‍ കാരാപ്പുഴയുടെ ബഫര്‍ സോണ്‍ തന്നെ. സ്വന്തം ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ അനുമതി തേടി ഇവരെപോലുള്ളവര്‍ അയച്ച അപേക്ഷകള്‍ക്ക് കൈയും കണക്കുമുണ്ടാകില്ല.