TAGS

ഇ-പാസ്‌ നടപ്പാക്കിയതിന് പിന്നാലെ തിരക്കൊഴിഞ്ഞ് ഊട്ടി. വിവരശേഖരണം ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്കാരം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കിയ സാഹചര്യത്തിൽ ആശങ്കയിലാണ് വ്യാപാരികൾ.

സന്ദർശകരുടെ എണ്ണം അനിയന്ത്രിതമാകുന്നത് പരിഗണിച്ച് മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് നീലഗിരി ജില്ലയിൽ ഇ-പാസ് നടപ്പാക്കിയത്. ഇതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികൾ സർക്കാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ-പാസ്‌ എടുക്കണം എന്ന സാഹചര്യം വന്നു. മെയ്‌ ഏഴ് മുതൽ ഇ-പാസ്‌ കർശനമാക്കിയത്തോടെ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണ് ടൂറിസം രംഗത്തുള്ള വ്യാപാരികൾ പറയുന്നത്. ഏഴാം തിയതി 18,259 സഞ്ചാരികളാണ് ഇ-പാസ്‌ ഉപയോഗിച്ച് നീലഗിരി ജില്ലയിൽ പ്രവേശിച്ചത്. എട്ടാം തിയതി 20,651 സഞ്ചാരികളും പത്താം തിയതി 31,501 സഞ്ചാരികളും ജില്ലയിൽ എത്തി. ഇവരിൽ നല്ലൊരു ശതമാനവും ഊട്ടിയിലേക്കുള്ള സഞ്ചാരികളാകാനാണ് സാധ്യത. എന്നാൽ ഹോട്ടൽ ബുക്കിങ്ങിൽ ഉൾപ്പടെ വലിയ ഇടിവ് ഉണ്ടായി എന്നാണ് മേഖലയിലുള്ളവർ പറയുന്നത്. വെള്ളിയാഴ്ച ഊട്ടി പുഷ്പോൽസവം ആരംഭിച്ച ദിനം സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതും നാലര ലക്ഷത്തിലധികം സഞ്ചാരികൾ ഇ-പാസിൽ രജിസ്റ്റർ ചെയ്തതും പ്രതീക്ഷയോടെയാണ് വ്യാപാരികൾ കാണുന്നത്. ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇവർ.

E Pass ootty without rush