ഇരിങ്ങാലക്കുട മൂര്‍ക്കനാട്ടെ ഇരട്ടക്കൊലക്കേസ്. ഉല്‍സവത്തിനിടെ രണ്ടു യുവാക്കളെ കുത്തിക്കൊന്ന കേസ്. മുഖ്യപ്രതി ഇരിങ്ങാലക്കുട സ്വദേശി ആഷിഖ് കൊലയ്ക്കു ശേഷം ഒളിവില്‍ പോയി. നേരത്തെ, കാപ്പ ചുമത്തപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. നല്ല മെയ് വഴക്കം. കിണര്‍ കുത്തുന്ന പണിയ്ക്ക് ആദ്യം പോയിരുന്നു. കാപ്പ കാലാവധി കഴിഞ്ഞ് കണ്ണൂര്‍ ജയിലില്‍ നിന്നിറങ്ങി നാട്ടില്‍ എത്തിയതായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം ഉല്‍സവം ആഘോഷിക്കാന്‍ പോയതാണ്. അപ്പോഴാണ്, രണ്ടു പേരെ കുത്തിക്കൊന്നത്. കൊല നടന്ന ശേഷം നാടുവിട്ടിരുന്നു.
സെല്‍ഫിയെടുക്കാന്‍ പൊലീസ്!
ഇരിങ്ങാലക്കുട റൂറല്‍ പൊലീസിനെ എ.എസ്.ഐ: ജയകൃഷ്ണനും തിരക്കഥാകൃത്തും സീനിയര്‍ പൊലീസ് ഓഫിസറുമായ സൂരജുമായിരുന്നു ആഷിഖിനെ പിടിക്കാന്‍ പോയ ഉദ്യോഗസ്ഥര്‍. ഇരുവരും ആഷിഖിന്‍റെ വീട്ടില്‍പ്പോയി. പതിവ് പരിശോധനയ്ക്കെന്ന് വീട്ടുകാരെ ധരിപ്പിച്ചു. ‘‘അവന്‍ ഇപ്പോള്‍ നല്ല നടപ്പാണ്. ജയിലില്‍ നിന്നിറങ്ങിയ ശേഷം കാറ്ററിങ് പണിയ്ക്കു പോകുന്നുണ്ട്’’. ഇതായിരുന്നു വീട്ടുകാരുടെ പ്രതീകരണം. നേരത്തെ കേസിലകപ്പെട്ടവരെ നിരീക്ഷിക്കണമെന്നാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. അതുക്കൊണ്ട് ആഷിഖിനെ കാണണം. പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടുകാരോട് പറഞ്ഞു. മാത്രവുമല്ല, ഇത്തരം പ്രതികളുടെ കൂടെ നിന്ന് ചിത്രമെടുത്ത് പൊലീസ് മേധാവിയ്ക്ക് അയച്ചു കൊടുക്കണം. ഇതു കേട്ടതോടെ വീട്ടുകാര്‍ക്കു വിശ്വാസമായി. ആഷിഖ് ജോലി ചെയ്യുന്ന അവിണിശേരി ബോട്ടുജെട്ടിയിലെ കാറ്ററിങ് കമ്പനിയുടെ നമ്പര്‍ കൊടുത്തു.
കാറ്ററിങ് കമ്പനിയില്‍ പ്രതിയില്ല
പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെ ചെന്നപ്പോഴാകട്ടെ ആഷിഖ് സ്ഥലത്തില്ല. കാറ്ററിങ് കമ്പനി നടത്തിപ്പുകാരോട് ചോദിച്ചപ്പോള്‍ ഭക്ഷണം കൊടുക്കാന്‍ പോയതാണ്. പെട്ടെന്ന് വരും. പൊലീസ് ഉദ്യോഗസ്ഥര്‍ കാത്തുനിന്നു. ആഷിഖിന്റെ പശ്ചാത്തലം അത്ര നല്ലതല്ല. വധശ്രമം, കൊലപാതകം, ബൈക്ക് മോഷണം തുടങ്ങി പല കേസുകളില്‍ പ്രതിയാണ്. ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തുക പ്രയാസകരമാണ്. ഇനി, വീട്ടുകാര്‍ ആഷിഖിനെ വിളിച്ച് പൊലീസ് വന്ന കാര്യം പറഞ്ഞ് മുങ്ങിയതാകാമെന്നും ഉദ്യോഗസ്ഥര്‍ സംശയിച്ചു. പൊലീസ് ജീപ്പ് കുറച്ചു ദൂരെ മാറ്റിയിട്ടാണ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത്. അധികം വൈകാതെ ആഷിഖ് എത്തി. സ്റ്റേഷന്‍ വരെ പോകണമെന്ന് പറഞ്ഞു. നല്ല അനുസരയുള്ള കുട്ടിയായി ഉദ്യോഗസ്ഥര്‍ക്കൊപ്പം നിന്നു.
വെള്ളം വേണം
ഉദ്യോഗസ്ഥരോട് ആഷിഖ് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. ‘സര്‍ വെള്ളം കുടിക്കണം’. ഇതുകേട്ടപ്പാടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നെഞ്ചിടിപ്പായി. കാരണം, വെള്ളം ചോദിച്ചാല്‍ രക്ഷപ്പെടാനുള്ള പ്രതികളുടെ ഒന്നാംഘട്ടമാണ്. രണ്ട് ഉദ്യോഗസ്ഥരും ജാഗ്രതയിലായി. വെള്ളം കൊടുത്തു. കുപ്പി തുറന്ന് വെള്ളം കുടിക്കാന്‍ പോകുന്നതിനിടെ ഒറ്റയോട്ടം. ആഷിഖ് പാഞ്ഞു. പിന്നാലെ, ഉദ്യോഗസ്ഥരും. ഏഴടിയുള്ള മതില്‍ നിഷ്പ്രയാസം ആഷിഖ് ചാടിക്കടന്നു. അന്‍പതു സെന്റിലുള്ള ഭൂമില്‍ ചുറ്റുമതില്‍ വലുതാണ്. പൊലീസും ചാടി. ആഷിഖ് അവിടെ നിന്ന് ചാടിയത് പിന്നെ റോഡിലേയ്ക്കായിരുന്നു. പൊലീസ് പിന്‍തുടര്‍ന്നു. പൊന്തക്കാട്ടിലേയ്ക്ക് ഓടിക്കയറി. ഇവിടെ ചെന്നപ്പോള്‍ പ്രതി ക്ഷീണിതനായി കാണപ്പെട്ടു. പൊലീസ് പിന്‍തുടര്‍ന്നു. ഇതുകണ്ടതോടെ പൊന്തക്കാട്ടില്‍ നിന്ന് പ്രതി മതില്‍ ചാടി. നേരെ വീണത് കിണറ്റിലേക്ക്.
വെള്ളം വേണ്ട, കയര്‍ മതി
കിണറ്റില്‍ വെള്ളത്തില്‍ വീണു കിടക്കുന്ന ആഷിഖിനെ കണ്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. ഇനി രക്ഷപ്പെടാന്‍ കഴിയില്ലെന്ന്. ‘നിനക്കിനി വെള്ളം വേണോ’ എന്നായി പൊലീസ്. വെള്ളം വേണ്ട കയറിട്ടാല്‍ കയറി വരാമെന്നായി പ്രതി. ഇതിനിടെ നാട്ടുകാര്‍ ഓടിക്കൂടി. എല്ലാവരും കൊലക്കേസ് പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിക്കാന്‍ ഒപ്പംനിന്നു. ഒരാള്‍ പോയി വലിയ കയര്‍ സംഘടിപ്പിച്ചു. പ്രതിതന്നെ ദേഹത്ത് കുരുക്കിട്ടു. മുകളിലേക്ക് കയറ്റാന്‍ ശ്രമിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കയര്‍ കൊണ്ടുവന്ന ആളോട് ഒരു കാര്യം ചോദിച്ചു. ‘‘ഈ കയര്‍ ഒന്ന് മുറിച്ചോട്ടെ. പ്രതിയുടെ കൈ പുറകില്‍ കെട്ടണം’’. ഉടനെ ആളുടെ മറുപടി ‘‘അയ്യോ കയര്‍ മുറിക്കരുത്. തൊട്ടടുത്ത പള്ളിയിലെ കൊടിമരത്തില്‍ നിന്ന് ഊരി കൊണ്ടുവന്നതാണ്. തിരുനാളിന് കൊടി ഉയര്‍ത്താനുള്ള കയറാണ്’’. നാട്ടുകാരന്റെ ആത്മാര്‍ഥത കണക്കിലെടുത്ത് പൊലീസ് മറ്റൊരു കയര്‍ തരപ്പെടുത്തി പ്രതിയുടെ കൈകള്‍ ബന്ധിച്ച് പൊലീസ് ജീപ്പില്‍ കയറ്റി.
Irinjalakuda Rural Police Catch Accused Who Escaped And Fell Into The Well