financial-crisis-kerala-17
  • വായ്പയെടുക്കുന്നതിന് അനുമതി തേടി കേരളം
  • പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിക്കുന്നു
  • ഈ മാസം ആവശ്യമുള്ളത് 9000 കോടി രൂപ

ധനപ്രതിസന്ധിക്കിടെ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ കൂട്ടത്തോടെ വിരമിക്കുന്ന ഈ മാസം  ആനുകൂല്യങ്ങള്‍ നല്‍കാന്‍ 9000 കോടിയോളം രൂപ ആവശ്യമുള്ള സാഹചര്യത്തിലാണിത്. അനുവദിച്ച മുന്‍കൂര്‍ വായ്പാതുക മുഴുവന്‍ സംസ്ഥാനം എടുത്തിരുന്നു. 

 

ധനപ്രതിസന്ധിക്കിടെ മാസാവസാനമടുക്കുമ്പോള്‍ ധനവകുപ്പിന് നെഞ്ചിടിപ്പേറുകയാണ്. പതിനാറായിരത്തിലേറെ സര്‍ക്കാര്‍ ജീവനക്കാരാണ് ഈ മാസം വിരമിക്കുന്നത്. ഇത്രയും പേര്‍ക്കുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാത്രം 9000 കോടിയോളം വേണം. ഏപ്രില്‍ മുതല്‍ മാസം തോറും ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആറുമാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശികയാണ്. ഒരുമാസത്തെ കുടിശിക അടുത്തയാഴ്ച നല്‍കാനാണ് ധനവകുപ്പ് ശ്രമിക്കുന്നത്. ഇതിന് 900 കോടി വേണം. അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും കൊടുക്കാനും പണം കണ്ടെത്തണം. 

കടമെടുക്കുന്നതിനുള്ള അന്തിമാനുമതി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ നല്‍കാത്തതാണ് പ്രതിസന്ധി. മേയ് ആദ്യം വായ്പാ അനുമതി കിട്ടാറുള്ളതായിരുന്നു. 37512 കോടി കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യത്തെ ഒമ്പതു മാസം എടുക്കാവുന്ന തുകയെത്ര എന്ന് പറഞ്ഞിട്ടില്ല. ആ അനുമതി കിട്ടാതെ ഇനി കടമെടുക്കാനാവില്ല.

മുന്‍കൂറായി 5000 കോടി കടമെടുക്കാന്‍ അനുമതി തേടിയപ്പോള്‍ കിട്ടിയത് 3000 കോടി മാത്രമായിരുന്നു. ഈ തുക ഉടന്‍ തന്നെ എടുക്കുകയും ചെയ്തു. ഇനി ഒരു രൂപയെങ്കിലും കടമെടുക്കണമെങ്കില്‍ അനുമതി കിട്ടണം. ഇക്കാര്യം ഓര്‍മിപ്പിച്ചും സംസ്ഥാനത്തെ ധനസ്ഥിതി വ്യക്തമാക്കിയും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനമന്ത്രാലയത്തിന് കഴിഞ്ഞ ദിവസം കത്തയച്ചു. ഇതുവരെ കേന്ദ്രത്തില്‍ നിന്ന് ഒരു മറുപടിയും കിട്ടിയിട്ടല്ല. 

മറ്റുമാര്‍ഗമൊന്നുമില്ലാത്ത സാഹചര്യത്തില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ ശക്തമായുണ്ട്. മുമ്പ് പലതവണ സംഭവിച്ചതുപോലെ കരക്കമ്പി മാത്രമായി ഇതും അവസാനിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ഇടതുമുന്നണിയുടെ നയപരമായ തീരുമാനമില്ലാതെ പെന്‍ഷന്‍ പ്രായത്തില്‍ ഒന്നും ചെയ്യാനാവില്ല.

Financial Crisis:

Kerala govt may raise retirement age due to financial crisis