1200-heavy-rain-in-thiruvan

കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം മുക്കോലയ്ക്കലിലും ഉള്ളൂരിലും വീടുകളിലും കടകളിലും വെള്ളം കയറി. അട്ടക്കുളങ്ങരയിലേയും കിള്ളിപ്പാലം റോഡിലും ചാലയിലും വെള്ളക്കെട്ടും രൂക്ഷമാണ്. സ്മാർട്ട് സിറ്റി റോഡ് പണി പൂർത്തിയാകാത്തതാണ് പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം. വെള്ളത്തിനടിയിൽ കോൺക്രീറ്റ് കമ്പികളടക്കം കിടപ്പുണ്ട്.തോടുകളടക്കം കരകവിഞ്ഞ് ഒഴുകുകയാണ്. മഴക്കാലത്തിനു മുൻപുള്ള ശുചീകരണം പാളിയതും തിരിച്ചടിയായി. രാത്രി ഒന്നരയ്ക്ക് ശേഷം മഴ പെയ്തിട്ടില്ലെങ്കിലും വെള്ളക്കെട്ട് പലയിടത്തും ഇപ്പോഴും തുടരുകയാണ്.

 

വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളിൽ നഗരസഭ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ശക്തമായ മഴ കാരണം തിരുവനന്തപുരത്ത് മലയോര മേഖലയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചു. കഴക്കൂട്ടം, ഗൗരീശപട്ടം അടക്കമുള്ള താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളും ദുരിതത്തിലാണ്.


പത്തനംതിട്ട,കോട്ടയം,ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും നല്‍കി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും  ഖനന പ്രവര്‍ത്തനങ്ങളും തീരദേശ മലയോര യാത്രകളും നിരോധിച്ചു. തോരാമഴയില്‍  പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. മത്സ്യബന്ധനം വിലക്കി.

ENGLISH SUMMARY:

Flooding in Thiruvananthapuram city has affected most areas