കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറെ ചോദ്യം ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച ശേഷമാകും ഡോ. ബിജോണ്‍ ജോണ്‍സണില്‍ നിന്ന് വിവരങ്ങള്‍ തേടുക. കുട്ടിയുടെ നാക്കിന് പ്രശ്നമുണ്ടായിരുന്നോ എന്നും വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്തും.
കുട്ടിയുടെ ചികില്‍സാരേഖകള്‍, ഡ്യൂട്ടി റജിസ്റ്റര്‍, മെഡിക്കല്‍ രേഖകള്‍ എന്നിവ വിശദമായി പരിശോധിച്ച ശേഷമാണ് ഡോക്ടറെ ചോദ്യം ചെയ്യാനുള്ള തീരുമാനം. ഇതിന് മുന്നോടിയായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പൊലിസ്, ജില്ലാമെഡിക്കല്‍ ഓഫിസര്‍ക്ക് കത്ത് നല്‍കി. നാളെ തന്നെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരാനാണ് നീക്കം. അതിനിടെ കുഞ്ഞിന്‍റെ മാതാപിതാക്കളുടെയും പരിശോധിച്ച മറ്റു രണ്ട് ഡോക്ടര്‍മാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
കുട്ടിയുടെ നാക്കിന് കെട്ടുണ്ടായിരുന്നുവെന്നും അതിനാലാണ് കൈവിരല്‍ ശസ്ത്രക്രിയ്ക്ക് മുമ്പ് ഈ ആരോഗ്യപ്രശ്നം തീര്‍ക്കാന്‍ ശ്രമിച്ചത് എന്നുമാണ് ഡോക്ടറുടെ വാദം. എന്നാല്‍ കുട്ടിയുടെ നാവിന് യാതൊരു തകരാറും ഇല്ലെന്ന് കുടുംബം പറയുന്നു. അതിനാല്‍ വിദഗ്ധ പരിശോധനയിലൂടെ കുട്ടിയുടെ നാവിന് പ്രശ്നമുണ്ടോ എന്നും കണ്ടെത്തണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൈവിരലിനു ചികിത്സ തേടിയെത്തിയ ചെറുവണ്ണൂർ മധുരബസാർ സ്വദേശികളുടെ 4 വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് ജില്ലാ ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കുട്ടിക്ക് മറ്റൊരു ആരോഗ്യപ്രശ്നം ഉണ്ടായാല്‍ പോലും മാതാപിതാക്കളോട് പറയാതെ, അവരുടെ സമ്മതമില്ലാതെ അതിന് ശസ്ത്രക്രിയ നടത്തുന്നതെങ്ങനെയെന്ന ചോദ്യത്തിന് മറുപടി പറയാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് ആയിട്ടില്ല.
Tongue surgery on four year old girl follow up