governor-arif-muhammed-khan

കേരള സർവകലാശാലയുടെ സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദേശം റദ്ദാക്കിയ ഉത്തരവിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം അനുശാസിക്കുന്ന രീതിയിലാണ് നാമനിർദേശം നടത്തേണ്ടതെന്നും ചാൻസലർക്ക് അനിയന്ത്രിതമായ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. വിവേചനാധികാരം ഉപയോഗിക്കേണ്ടത് സ്വകാര്യ അഭിപ്രായം അനുസരിച്ചല്ലെന്നും കോടതി വിമർശിച്ചു.

 

ഏകപക്ഷീയമായി അധികാരം പ്രയോഗിക്കുന്നതിനെതിരായ വിമർശനമാണ് ഹൈക്കോടതി ഉത്തരവിന്‍‌റെ കാതൽ. ഇത് വഴി ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി മാത്രമല്ല, വിവേചനം പാടില്ലെന്നതും ലംഘിക്കുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവേചന അധികാരം ഉപയോഗിക്കേണ്ടത് കൃത്യമായ രീതിയിലാവണം. നിയമത്തിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി അധികാരം ഉപയോഗിക്കുകയാണെങ്കിൽ ഭരണഘടനാ കോടതിക്ക് ഇടപെടേണ്ടി വരുമെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു.

 

സർവകലാശാല സമർപ്പിച്ച, ഹർജിക്കാരടക്കമുള്ള വിദ്യാർഥികളുടെ പട്ടിക പാടേ അവഗണിച്ചാണ് ഗവർണർ സ്വന്തം നിലയിൽ നാമനിർദേശം നടത്തിയത്. ഹർജിക്കാരായ വിദ്യാർഥികളെക്കാൾ മികവുള്ളവരാണ് നാമനിർദേശം ചെയ്യപ്പെട്ടവരെന്ന് കാണിക്കുന്ന നേട്ടങ്ങൾ ഹാജരാക്കിയിട്ടില്ലെന്ന് കോടതി വിലയിരുത്തി. കേരള സർവകലാശാല നിയമപ്രകാരം വിദ്യാർഥി പ്രതിനിധികൾ ബന്ധപ്പെട്ട മേഖലയിൽ മികവ് പുലർത്തുന്നവവരാകണം. ഇത് പരിഗണിച്ചില്ല. നാമനിർദ്ദേശം ആണെങ്കിലും കേരള സർവകലാശാല നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കാതിരിക്കാനാവില്ല. നാമനിർദേശം നൽകുന്നതിനുള്ള നടപടികൾ നിയമത്തിൽ പറയുന്നില്ലെന്ന ചാൻസലറുടെ നിലപാട് ശരിയാണെങ്കിലും ഹർജിക്കാർ റാങ്ക് ജേതാക്കളാണെന്നും അവരുടെ അവകാശവാദം പരിഗണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Kerala University Senate list :

Setback for Governor from highcourt on Kerala Senate Nominations