പെരുമ്പാവൂര്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ബലാല്‍സംഗക്കേസില്‍ കുറ്റപത്രം. സുഹൃത്തായ യുവതിയെ വിവിധിയിടങ്ങളിലെത്തിച്ച് പലതവണ പീഡിപ്പിച്ചെന്ന് പൊലീസ്. പരാതി പറയാന്‍ ഒരുങ്ങിയപ്പോള്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. 2022 സെപ്റ്റംബറില്‍ വലിയവിവാദമായി ഉയര്‍ന്ന് വന്ന പീഡനപരാതിയിലാണ് എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്. പറവൂര്‍ സ്വദേശിയും തിരുവനന്തപുരം വഞ്ചിയൂരില്‍ താമസിക്കുകയും ചെയ്യുന്ന യുവതിയാണ് പരാതിക്കാരി.
പരാതിയില്‍ ആരോപിക്കുന്നത് പോലെ 2022 ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയില്‍ മൂന്ന് തവണ മൂന്നിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കുറ്റപത്രം. ഏറ്റവും ആദ്യം തിരുവനന്തപുരം അടിമലത്തുറയിലെ റിസോര്‍ട്ടില്‍, പിന്നീട് തൃക്കാക്കരയിലെയും കുന്നത്തുനാടിലെയും വീടുകളിലും. എല്‍ദോസുമായി വര്‍ഷങ്ങളായി യുവതിക്ക് സൗഹൃദമുണ്ടായിരുന്നു. ഇത് മുതലെടുത്തായിരുന്നു പീഡനം. ഇക്കാര്യം പുറത്തുപറയുമെന്ന് പറഞ്ഞപ്പോള്‍ കോവളത്ത് കുന്നിന്‍മുകളിലെത്തിച്ച് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തിലുണ്ട്. അതിനാല്‍ ബലാല്‍സംഗത്തിന് പുറമെ വധശ്രമം, മര്‍ദനം, ഭീഷണി തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം നല്‍കിയത്.
എല്‍ദോസിന്റെ രണ്ട് സുഹൃത്തുക്കളും കേസില്‍ പ്രതികളാണ്. 2022 സെപ്തംബര്‍ 14ന് കോവളത്ത് പൊതുസ്ഥലത്ത് വച്ച് എം.എല്‍.എയും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായതോടെയാണ് കേസിന്റെ തുടക്കം. അന്ന് നാട്ടുകാരും പൊലീസും കൂടിയപ്പോള്‍ കൂടെയുള്ളത് ഭാര്യയാണെന്ന് പറഞ്ഞ് എം.എല്‍.എ തലയൂരി. എന്നാല്‍ പിന്നീട് യുവതിയെ കാണാതാവുകയും ദിവസങ്ങള്‍ക്ക് ശേഷം അവര്‍ പൊലീസില്‍ ഹാജരായി എം.എല്‍.എക്കെതിരെ മൊഴി നല്‍കുകയും ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എം.എല്‍.എക്ക് പിന്നീട് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ അറസ്റ്റ് ഒഴിവായിരുന്നു.