mangalappuzha-bridge-block

ആലുവ ദേശീയപാതയില്‍ യാത്രക്കാരെ വലച്ച് മംഗലപ്പുഴ പഴയപാലത്തില്‍ അറ്റകുറ്റപ്പണി. ഗതാഗതക്കുരുക്ക് രൂക്ഷമായതിനാല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം ക്രമീകരിക്കണമെന്ന് സിയാല്‍ മുന്നറിയിപ്പ് നല്‍കി. പാലത്തിന്റെ സ്പാനുകളുടെയും എക്സ്പാന്‍ഷന്‍ ജോയിന്റുകളുടെയും അറ്റകുറ്റപ്പണിയാണ് നടക്കുന്നത്.  

 

അങ്കമാലി ഭാഗത്തുനിന്ന് ആലുവയിലേക്കുള്ള യാത്ര ദേശം കടന്നാല്‍ ഇതാണ് സ്ഥിതി. വാഹനങ്ങളുടെ നീണ്ടനിര. കാരണം മംഗലപ്പുഴ പഴയപാലത്തില്‍ അറ്റകുറ്റപ്പണി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ മൂന്നാഴ്ചയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. പാലത്തിലൂടെ ഒറ്റവരിയായി മാത്രം വാഹനങ്ങള്‍ കടത്തിവിട്ട് പകുതിഭാഗത്താണ് നിര്‍മാണം. നിയന്ത്രണങ്ങള്‍‌ക്കുമപ്പുറം വാഹനങ്ങളെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പലരും മണിക്കൂറുകള്‍ വഴിയില്‍ കുടുങ്ങി.

ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വലിയ വാഹനങ്ങള്‍ അങ്കമാലിയില്‍നിന്ന് തിരിഞ്ഞ് എം.സി റോഡ് വഴി പോകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഗൂഗിള്‍മാപ്പിട്ടുവരുന്ന പലരും കറങ്ങിത്തിരിഞ്ഞ് ദേശം ജംക്ഷനില്‍വന്ന് കയറുന്നതും പ്രതിസന്ധിയാണ്. ഗതാഗതനിയന്ത്രണത്തിനായി സമീപത്തെ സ്റ്റേഷനുകളില്‍നിന്നെല്ലാം പൊലീസുകാരെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ട്. സ്പാനുകള്‍ക്കിടയിലെ എക്സ്പാന്‍ഷന്‍ ജോയിന്റുകളില്‍ ഇരുമ്പ് പട്ടകള്‍ കൂട്ടിയോജിപ്പിച്ച് സിമന്റ് വച്ച് ബലപ്പെടുത്തുന്ന ജോലിയാണ് പുരോഗമിക്കുന്നത്. ഒരുവശത്തെ ജോലി കഴിഞ്ഞ് നാല്‍പത്തിയെട്ടുമണിക്കൂര്‍ കഴിഞ്ഞാലെ അതുവഴി വാഹനങ്ങള്‍ കടത്തിവിടാനാകൂ. സമാനമായ സമയം ബാക്കി പകുതി പൂത്തിയാക്കാനുമെടുക്കും. ഇതിനിടെ പാലത്തിലൂടെ കടന്നുപോയിരുന്ന കേബിളുകളും മുറിച്ചുമാറ്റി.

ENGLISH SUMMARY:

Mangalapuzha old bridge repair; Passengers in distress