കേരളത്തില്‍ പ്രളയമാണെന്നും നിരവധിപ്പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സമൂഹമാധ്യമത്തിലാണ് മന്ത്രിയുടെ 'അനുശോചന' സന്ദേശം. 'കേരളത്തിലെ പ്രളയത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ അതിയായ ദുഃഖമുണ്ട്. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന്  പ്രാർത്ഥിക്കുന്നു' എന്നായിരുന്നു ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്. മലയാളത്തിലും ഇംഗ്ലിഷിലും കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അതേസമയം കേരളത്തെ കുറിച്ച് വ്യാജവാര്‍ത്ത പങ്കുവച്ച രാജീവ് ചന്ദ്രശേഖറിനെ മന്ത്രി വി.ശിവന്‍കുട്ടി പരിഹസിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ കണ്ടത് '2018' സിനിമയാണെന്നും തിരഞ്ഞെടുപ്പ് കാലത്തല്ലാതെ ഇടയ്ക്ക് ഇങ്ങോട്ട് വന്നാല്‍ പൂര്‍ണബോധം പോകാതെ രക്ഷപെടാമെന്നും മന്ത്രി ഫെയ്സ്ബുക്കിലൂടെ തിരിച്ചടിച്ചു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.

സംസ്ഥാനത്ത് എറണാകുളത്തും തൃശൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ ഓറ‍ഞ്ച് അലര്‍ട്ട് നിലവിലുണ്ട്. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തമായത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നാളെയോടെ തീവ്രമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചു. കോട്ടയത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ് കുമാർ ആണ് മരിച്ചത്.  ഇടുക്കി മലങ്കര ഡാമിന്‍റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. തൊടുപുഴ, മൂവാറ്റുപുഴ ആറുകള്‍ക്ക് തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. 

ENGLISH SUMMARY:

Rajeev Chandrasekhar spreads Fake news on Kerala