മരം വീണ് പരുക്കേറ്റ ഓട്ടോഡ്രൈവർ വിദഗ്ധ ചികില്‍സ കിട്ടാതെ മരിച്ചതിന് പിന്നാലെ അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലെ രണ്ട് ഐ.സി.യു ആംബുലന്‍സുകളും കട്ടപ്പുറത്താണെന്ന് സമ്മതിച്ച് സൂപ്രണ്ട് ഡോക്ടര്‍.എം.എസ്.പത്മനാഭന്‍. ഫൈസലിനെ വിദഗ്ധ ചികില്‍സയ്ക്കായി ഐ.സി.യു ആംബുലന്‍സില്‍ മാത്രമേ കൊണ്ടുപോകാന്‍ കഴിയുമായിരുന്നുള്ളു. അടുത്തെങ്ങും ഐ.സി.യു ആംബുലന്‍സ് ഇല്ലാത്തതിനാലാണ് ഒറ്റപ്പാലത്ത് നിന്ന് എത്തിച്ചത്. ഇതെത്താന്‍ മൂന്നുമണിക്കൂര്‍ വൈകിയെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍പ്പെട്ട ഫൈസലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നുവെന്നും ആംബുലന്‍സിലേക്ക് കയറ്റുന്നത് വരെ കഴിയാവുന്നത്ര ചികില്‍സ കോട്ടത്തറയില്‍ നിന്നും നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. അതേസമയം, വര്‍ക് ഷോപ്പിലായ ആംബുലന്‍സുകള്‍ പുറത്തിറക്കാന്‍ കഴിയാത്തത് ഫണ്ടില്ലാത്തത് കൊണ്ടല്ലെന്നും സാങ്കേതിക പ്രശ്നങ്ങള്‍ മാത്രമാണെന്നും സൂപ്രണ്ട് അവകാശപ്പെട്ടു.
ഗൂളിക്കടവിൽ ഓട്ടോറിക്ഷയുടെ മുകളിൽ മരം വീണ് പരുക്കേറ്റാണ് ഫൈസലിനെ ആശുപത്രിയിലെത്തിച്ചത്. യഥാസമയം ചികില്‍സ ഫൈസലിന് ലഭിച്ചതുമില്ല. ഒടുവില്‍ മൂന്ന് മണിക്കൂറിലേറെ വൈകിയാണ് ഫൈസലിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നുവെന്നാണ് ഡോക്ടര്‍മാരുടെ സ്ഥിരീകരണം. ഫൈസലിന് ചികില്‍സ കിട്ടാന്‍ വൈകിയെന്ന് ബന്ധുക്കളും പരാതിപ്പെട്ടിരുന്നു.