തിരുവനന്തപുരത്ത് കിള്ളിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളംകയറി. ജഗതി-ബണ്ട് റോഡ് പ്രദേശത്താണ് വെള്ളം കയറിയത്. കനത്തമഴയില്‍ ജില്ലയിലാകെ നാശനഷ്ടമുണ്ട്. പലയിടത്തും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളിലേക്ക് മരം വീണു.
നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രമതിലിന്‍റെ ഒരു ഭാഗം നെയ്യാറിലേക്ക് ഇടിഞ്ഞുവീണെന്ന വാര്‍ത്ത കേട്ടാണ് തുടക്കം. പാലിയോട് ആവണംകോട് മോഹനചന്ദ്രന്‍റെ വീട് മരംവീണ് തകര്‍ന്നു. കാട്ടാക്കട പൂവച്ചല്‍ നെടുമങ്ങാട് റോഡില്‍ തോടുകള്‍ കരകവിഞ്ഞു. ഇവിടെ വീടുകളിലേക്കു വെള്ളം ഇരച്ചുകയറി. മേഖലയില്‍ വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്.
വര്‍ക്കല പാപനാശത്ത് ബലിമണ്ഡപത്തോട് ചേര്‍ന്ന് കുന്നിടിഞ്ഞുവീണു. വര്‍ക്കല ജനാര്‍ദനപുരത്ത് വീട് ഇടിഞ്ഞുവീണു.
കിള്ളിയാർ കരകവിഞ്ഞ് പേരൂർക്കട മണ്ണാമൂലയിൽ റോഡിൽ വെള്ളംകയറി. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളിന്‍റെ ബസിന് മുകളില്‍ മരം വീണു. സ്കൂള്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലേക്കാണ് മരം വീണത്. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 60 സെന്‍റീമീറ്റര്‍ കൂടി ഉയര്‍ത്തി. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. മഴ കനത്തതോടെ പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനം നിരോധിച്ചു. ഒരാഴ്ചയ്ക്ക് ശേഷം ഇന്നായിരുന്നു പൊന്‍മുടി തുറന്നത്.