• പുറത്തുവിട്ടത് 2021-22 മുതലുള്ള നികുതി വരുമാനക്കണക്ക്
  • 48800 കോടിയുടെ വിദേശമദ്യം വിറ്റു
  • 2022-23 ല്‍ ബെവ്കോ 103.37 കോടിരൂപ ലാഭത്തില്‍

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം മദ്യത്തില്‍നിന്നുള്ള നികുതിവരുമാനം നാല്‍പതിനായിരത്തി മുന്നൂറ്റിയാറ് കോടി. ഇതേകാലയളവില്‍ 48800 കോടിയുടെ വിദേശമദ്യവും, 4600 കോടിയുടെ ബീയറും വൈനും വിറ്റു. ഇക്കാലയളവില്‍ ഉപഭോഗത്തിലും ഗണ്യമായ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍.

മദ്യനയവും വിവാദങ്ങളും നുരഞ്ഞുപൊന്തുന്നതിനിടെയാണ് നികുതി, വരുമാനക്കണക്കുകള്‍ ബെവ്കോ വെളിപ്പെടുത്തിയിരിക്കുന്നത്. മദ്യവ്യവസായം സര്‍ക്കാര്‍ ഖജനാവിലേക്ക് പണമെത്തിക്കുന്നത് എങ്ങനെയെന്ന് നോക്കാം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇതുവരെ 40306 കോടിയുടെ നികുതി. ഇത്രയും നികുതി നല്‍കിയ ബെവ്കോ വിറ്റ മദ്യത്തിന്റെ അളവും തുകയും കൂടി നോക്കുക. 2021 മുതല്‍ ഇതുവരെ 5596.3 ലക്ഷം ലീറ്റര്‍ വിദേശമദ്യം വിറ്റു. വരുമാനം 48805 കോടിരൂപ.  2355.8 ലക്ഷം ലീറ്റര്‍ ബീയറും 36.5 ലക്ഷം ലീറ്റര്‍ വൈനും വിറ്റു. വരുമാനം 4677 കോടിരൂപ. ഓരോ വര്‍ഷവും ഉപഭോഗവും വര്‍ധിക്കുന്നുവെന്നാണ് വിവരാവകാശ മറുപടി.

2021-22 ല്‍ 18.66 കോടി നഷ്ടത്തിലായിരുന്ന ബവ്കോ 2022-23 ല്‍ 103.37 കോടി ലാഭത്തിലെത്തി. ബവ്കോയില്‍നിന്ന് സര്‍ക്കാര്‍ കടമെടുത്തിട്ടില്ലെന്നും മറുപടിയിലണ്ട്. 

ENGLISH SUMMARY:

Revenue from liquor hits all time high, Kerala