TOPICS COVERED

ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന നല്ലപാഠങ്ങളാണു വിദ്യാർഥികൾ പഠിക്കേണ്ടതെന്നു നടൻ ജയസൂര്യ. മനോരമ നല്ലപാഠം സംസ്ഥാനതല പുരസ്കാര സമർപ്പണം കൊച്ചിയിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളാണ് കഴിഞ്ഞ അധ്യയന വർഷത്തെ   നല്ലപാഠം ജേതാക്കൾ. 

2 സഹപാഠികൾക്ക്  സ്നേഹവീട് നിർമിച്ചത് ഉൾപ്പെടെയുള്ള വേറിട്ട കർമപദ്ധതികൾ നടപ്പാക്കിയതാണ് പാലക്കാട്  വട്ടമണ്ണപ്പുറം എഎംഎൽപി സ്കൂളിനെ  മനോരമ നല്ലപാഠം സംസ്ഥാനതല പുരസ്കാരത്തിനു അർഹമാക്കിയത്. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. കൊല്ലം കൊട്ടാരക്കര അഞ്ചൽ സെന്റ് ജോൺസ് സ്കൂളിനാണു രണ്ടാം സ്ഥാനം. എറണാകുളം മൂവാറ്റുപുഴ പായിപ്ര ഗവ.യുപി സ്കൂൾ മൂന്നാം സ്ഥാനവും നേടി.  കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ജയസൂര്യ  പുരസ്കാരങ്ങൾ സമ്മാനിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറും പൊതുവിദ്യാഭ്യാസ മുൻ സെക്രട്ടറിയുമായ എ.ഷാജഹാൻ, പ്രളയകാലത്തെ ചേക്കുട്ടി പാവ നിർമാണത്തിലൂടെ ശ്രദ്ധേയായ സംരംഭക ലക്ഷ്മി മേനോൻ, റെയിൽവേ ഉദ്യോഗസ്ഥനും നോവലിസ്റ്റുമായ എം.പി.ലിപിൻരാജ് എന്നിവരായിരുന്നു വിധികർത്താക്കൾ.  പുരസ്കാര സമർപ്പണ ചടങ്ങിൽ മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് അധ്യക്ഷത വഹിച്ചു. മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർമാരായ പി.ജെ.ജോഷ്വ, ആർ.രാജീവ്, അസി.എഡിറ്റർ കെ.സുൾഫിക്കർ എന്നിവർ പ്രസംഗിച്ചു. നടൻ ജയസൂര്യയുമായി സംവദിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്കായി ഒരുക്കിയിരുന്നു.

ENGLISH SUMMARY:

Actor Jayasuriya presented nallapadam awards in kochi