ബാര്‍ കോഴ വിവാദത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം ചട്ടപ്പടി അന്വേഷണത്തില്‍ ഒതുങ്ങിയേക്കും. കോഴ ആരോപണം അനിമോനും ഇടുക്കിയിലെ മറ്റ് ഉടമകളും നിഷേധിച്ചതോടെ കേെസടുക്കാന്‍ തെളിവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അതേസമയം ശബ്ദരേഖ തയാറാക്കിയതിലും പ്രചരിപ്പിച്ചതിലും ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കാനും തീരുമാനം.
ഇടുക്കിയിലെ ബാര്‍ ഉടമ അനിമോന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ മദ്യനയത്തിലെ ഇളവിന് സര്‍ക്കാറിന് കോഴയെന്ന ആരോപണം ബലപ്പെട്ടു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലുമായി. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോള്‍ സര്‍ക്കാറിന് ആശ്വാസവഴി തെളിയുകയാണ്. ശബ്ദരേഖയില്‍ പറയുന്നത് സര്‍ക്കാരിനുള്ള കോഴപ്പണമല്ലെന്നും കെട്ടിടനിര്‍മാണ ഫണ്ടാണെന്നും അനിമോന്‍ പറഞ്ഞു. സര്‍ക്കാരിന് നല്‍കാനുള്ള കോഴയെന്ന പേരില്‍ പണം ആരെങ്കിലും ആവശ്യപ്പെടുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഇടുക്കിയിലെ മറ്റ് ബാര്‍ ഉടമകളും മൊഴി നല്‍കി. അതേസമയം കെട്ടിടനിര്‍മാണത്തിനുള്ള ഫണ്ട് നല്‍കിയതായും ബാറുകരുടെ മൊഴിയുണ്ട്. ഇതോടെ സര്‍ക്കാരിനുള്ള കോഴയെന്ന ആരോപണം നിലനില്‍ക്കില്ലന്നും സര്‍ക്കാരിലേക്കോ മന്ത്രിമാരിലേക്കോ നീളുന്ന തരത്തില്‍ കേസെടുത്തുള്ള അന്വേഷണത്തിന് സാധ്യതയില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതോടെ ഇനി രണ്ട് കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുക. കെട്ടിടനിര്‍മാണ ഫണ്ടിന് പകരം കോഴയെന്ന തരത്തില്‍ അനിമോന്‍ ശബ്ദസന്ദേശം തയാറാക്കിയത് എന്തിന്? വാട്സപ്പ് ഗ്രൂപ്പില്‍ നിന്ന് അത് പുറത്തുവിട്ട് പ്രചരിപ്പിച്ചതാര്? ഇതിന് പിന്നില്‍ ഗൂഡാലോചനയെന്ന് തെളിഞ്ഞാല്‍ അവരിലേക്ക് അന്വേഷണം നീളുകയും കേസെടുക്കുകയും ചെയ്യും. അത് അറിയാനായി അനിമോന്റെ ഫോണ്‍വിളിവിവരങ്ങളടക്കം പരിശോധിക്കും. ബാര്‍ ഉടമകളുടെ അസോസിയേഷന്‍ സംസ്ാഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴിയുമെടുക്കും. ചുരുക്കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സര്‍ക്കാര്‍ സേഫാണ്.