TOPICS COVERED

 ഡോക്ടറെ കാണാന്‍ പോകാനായി കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്നു യുവതി. അങ്കമാലിയില്‍  നിന്ന് തൊട്ടില്‍പാലത്തേയ്ക്ക് പോവുകയായിരുന്നു ബസ്. ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് പ്രസവവേദന തുടങ്ങിയത്. ഉടന്‍ തന്നെ ബസ്  അടുത്തുള്ള അമല ആശുപത്രിയിലേക്ക് പാഞ്ഞു. ഒപ്പം ആശുപത്രി അധികൃതരെ വിളിച്ചറിയിക്കുകയും ചെയ്തു.

 ബസ് ആശുപത്രിയിലെത്തുമ്പോഴേക്കും ഡോക്ടറും നഴ്സുമാരുമെല്ലാം തയാറായിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിലേക്കാണ് ബസ് എത്തിയത്. അപ്പോഴേക്കും പ്രസവം ഉടന്‍ നടക്കും എന്ന സ്ഥിതിയായി. യുവതിയെ ബസില്‍ നിന്ന് മാറ്റാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്നാണ് സമയോചിതമായി ആശുപത്രി അധികൃതര്‍ ഇടപെട്ടത്. ഡോക്ടറും നഴ്സും ബസിനുള്ളില്‍ കയറി പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിനേയും കൊണ്ട് നഴ്സ്  ആശുപത്രിയ്ക്കുള്ളിലേക്ക് ഒാടുന്നത് ദ്യശ്യങ്ങളില്‍ കാണാം. അമ്മയും പെണ്‍കുഞ്ഞും ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവമുണ്ടായത്. മലപ്പുറം തിരുനാവായ സ്വദേശിയായ മുപ്പത്തേഴുകാരിയ്ക്കാണ് ബസില്‍ യാത്ര ചെയ്യുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടത്. ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. വിവരം ബസ് ജീവനക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് ബസ് ഡ്രൈവറും കണ്ടക്ടറും ബസിലുണ്ടായിരുന്ന യാത്രക്കാരും സമയോചിതമായി ഇടപെടുകയായിരുന്നു. ആശുപത്രി അടുത്ത് ഉണ്ടായിരുന്നതും രക്ഷയായി. ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് യുവതിയ്ക്ക് രക്ഷയായത്. യാത്രക്കാരും ബസ് ജീവനക്കാരോട്  സാഹചര്യം മനസിലാക്കി സഹകരിക്കുകയായിരുന്നു.   

ENGLISH SUMMARY:

delivery in ksrtc bus