അട്ടപ്പാടിയില്‍ ഐ.സി.യു ആംബുലന്‍സില്ലാത്തതിനാല്‍ വിദഗ്ധ ചികില്‍സ വൈകി രണ്ടുപേരുെട ജീവന്‍ നഷ്ടപ്പെട്ടിട്ടും അലംഭാവം തുടര്‍ന്ന് ആരോഗ്യവകുപ്പ്. കോട്ടത്തറ ആശുപത്രിയിലെ കട്ടപ്പുറത്തായ ആംബുലന്‍സുകള്‍ തകരാര്‍ പരിഹരിച്ച് പുറത്തിറങ്ങും വരെ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ നീക്കമില്ല. സര്‍ക്കാരിന് ഫണ്ടില്ലെങ്കില്‍ താന്‍ അനുവദിച്ച ആംബുലന്‍സ് സ്വന്തംനിലയില്‍ തകരാര്‍ പരിഹരിച്ച് പുറത്തിറക്കാന്‍ അനുവദിക്കണമെന്നാണ് വി.കെ.ശ്രീകണ്ഠന്‍ എം.പിയുടെ ആവശ്യം.
രണ്ട് ദിവസത്തിനിടെ പൊലിഞ്ഞത് രണ്ട് ജീവനുകള്‍. രണ്ടും ഐ.സി.യു ആംബുലന്‍സില്ലാത്തതിന്റെ പേരില്‍ വിദഗ്ധ ചികില്‍സ കിട്ടുന്നിടത്തേക്ക് എത്തിക്കാനാവാത്തതിനാല്‍. അപകടമുനമ്പില്‍ തുടരുമ്പോഴും അട്ടപ്പാടിക്കാര്‍ക്ക് ആശ്വാസമാവുന്ന യാതൊരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നില്ല. അത്യാഹിതമുണ്ടായി നാല് ദിവസം പിന്നിടുമ്പോഴും കോട്ടത്തറ സ്പെഷല്‍റ്റി ആശുപത്രി ജീവന്‍ രക്ഷാ ആംബുലന്‍സില്ലാത്ത ആതുരാലയമായി തുടരുകയാണ്. കട്ടപ്പുറത്തായവയ്ക്ക് പകരം ഐ.സി.യു ആംബുലന്‍സ് താല്‍ക്കാലികമായെങ്കിലും എത്തിക്കാനായിട്ടില്ല. ഇതിനിടെ കോട്ടത്തറ ആശുപത്രിയിലെത്തിയ വി.കെ.ശ്രീകണ്ഠന്‍ എം.പി ഡോക്ടര്‍മാരോട് ചികില്‍സാ സൗകര്യങ്ങളും പരിമിതികളും ചോദിച്ചറിഞ്ഞു. അലംഭാവം തുടരുന്നത് നീതികേടാണെന്നും സര്‍ക്കാരിന് ഫണ്ടില്ലെങ്കില്‍ താന്‍ നേരത്തെ അനുവദിച്ച ഐ.സി.യു ആംബുലന്‍സിന്റെ തകരാര്‍ സ്വന്തം ചെലവില്‍ പരിഹരിക്കാമെന്നും വാഗ്ദാനം.
അപകടത്തില്‍പ്പെട്ട് ചികില്‍സ വൈകി മരിച്ച ഫൈസലിന്റെയും കുഴഞ്ഞുവീണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ച ചെല്ലന്റെ കുടുംബത്തിനെയും സഹായിക്കണമെന്ന ആവശ്യവുമായി സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സഹായം ൈവകിയാല്‍ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് ആദിവാസി സംഘടനകളുടെയും മുന്നറിയിപ്പുണ്ട്.