Exalogic-consulting

വീണ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസുമായി ഒരു ബന്ധവുമില്ലെന്ന് ദുബായിലെ എക്സാലോജിക് കൺസൾട്ടിങ്. ഷോൺ ജോർജ് ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിക്കുന്ന സ്ഥാപനം എക്സാലോജിക് കൺസൾട്ടിങ് അല്ല. 2013 ൽ ഷാർജയിൽ തുടങ്ങിയ സ്ഥാപനമാണ് ഇത്. പ്രൈസ് വാട്ടർ കൂപ്പേഴ്സ്, എസ്എൻസി ലാവ്‌‌ലിൻ എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ല. ഡയറക്ടർ ബോർഡിലും, പേ റോളിലും വീണ, സുനീഷ് എന്ന പേരുകളിൽ ഉള്ള ആരുമില്ല. എക്സാലോജിക് സൊല്യൂഷൻ എന്ന പേരിലൊരു സ്ഥാപനം യുഎഇയിൽ പ്രവർത്തിക്കുന്നില്ലെന്നും സ്ഥാപന മേധാവികളായ സസൂൺ സാദിഖ്,  നവീൻ കുമാർ എന്നിവർ ദുബായിൽ വാ‍ർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷോണ്‍ ജോര്‍ജിനെതിരെ ഐസക്

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ കമ്പനിയുടെ അബുദാബി കൊമേഴ്സ്യല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് രണ്ടരക്കോടി രൂപയെത്തിയെന്ന ഷോണ്‍ ജോര്‍ജിന്‍റെ ആരോപണം പ്രതിരോധിക്കാന്‍ മുന്‍ധനമന്ത്രി ടി.എം.തോമസ് ഐസക് രംഗത്ത്.  ദുബായിലെ എക്സാലോജിക് കമ്പനിയും വീണയുടെ കമ്പനിയും രണ്ടാണെന്നും ഷോണ്‍ ജോര്‍ജ് കള്ളക്കഥ മെനയുകയാണെന്നും തോമസ് ഐസക്. എന്നാല്‍ തോമസ് ഐസക് പറഞ്ഞകമ്പനിയെ പറ്റിയല്ല തന്‍റെ ആരോപണമെന്നാണ് ഷോണ്‍ ജോര്‍ജിന്‍റെ മറുപടി.

എക്സാലോജിക് സൊല്യുഷന്‍സിനെതിരായ ഷോണ്‍ ജോര്‍ജിന്‍റെ ആരോപണത്തിന് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസകിന്‍റെ മറുപടി. മലയാളിയുടെ ഉടമസ്ഥതയിലുള്ള ദുബായ് കമ്പനിയുടെ പേര് എക്സാലോജിക് കണ്‍സള്‍ട്ടിങ് എന്നാണ്. മറ്റൊരു സ്ഥാപനവുമായി ബന്ധമില്ലെന്നും ഷോണ്‍ പറയുന്ന മലയാളി ഉടമസ്ഥര്‍ക്ക് ഒരു രാഷ്ട്രീയ ബന്ധമില്ലെന്നും അവര്‍ വെബ്സൈറ്റിലിട്ട വിശദീകരണത്തിലുണ്ട്. മസാല ബോണ്ടുമായി ബന്ധപ്പെട്ട ആരോപണവും ഐസക് തള്ളി. മസാല ബോണ്ട് വാങ്ങിയ കനേഡിയന്‍ പെന്‍ഷന്‍ ഫണ്ട് മറ്റുപല കമ്പനികളുടേയും എന്നപോലെ എസ്.എന്‍.സി ലാവലിന്‍റെ ഓഹരിയും വാങ്ങിയിട്ടുണ്ടാകാം. മസാല ബോണ്ട് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് പ്രാഥമിക വിവരമുള്ള ഒരുത്തന്‍ ഇങ്ങനെ പറയുമോ എന്നും തോമസ് ഐസക്. കുഴല്‍നാടന്‍റെ കാര്യത്തിലെന്നപോലെ ഷോണ്‍ ജോര്‍ജെന്ന ശല്യക്കാരനായ വ്യവഹാരിയുടെ ഹര്‍ജിയും കോടതി തീര്‍പ്പാക്കണം. എന്നാല്‍ ആരോപണത്തില്‍ ഉറച്ചു നിന്ന് ഷോണിന്‍റെ മറുപടി.

എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ കെഎസ്ഐഡിസിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി ജൂലൈ 15 ന് വിശദമായ വാദം കേള്‍ക്കും. ഹര്‍ജിയില്‍ അധിക സത്യവാങ്മൂലം നല്‍കാനുണ്ടെന്ന് എസ്എഫ്‌ഐഒ അറിയിച്ചു. ഈ ഹർജിയിൽ കക്ഷിചേരാൻ ഷോൺ ജോർജ് അപേക്ഷ നൽകി. ഇതേസമയം മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ജൂലൈ 29ലേക്ക് മാറ്റി.  ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ ആദായ നികുതി വകുപ്പിന് കോടതി മൂന്നാഴ്ച സമയമനുവദിച്ചു. ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ വിഷയമായതില്‍ മറ്റ് അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്ലിന്‍റെ ഹര്‍ജി.  

 
ENGLISH SUMMARY:

Exalogic consulting denies connection to Veena Vijayan's IT firm