sidhharthan-mother-bail-31

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ നിരാശ പ്രകടിപ്പിച്ച് കുടുംബം. അപ്രതീക്ഷിതമായ വിധി ആയിപ്പോയെന്നും ജാമ്യം കിട്ടില്ലെന്നാണ് താന്‍ ഉറപ്പിച്ചിരുന്നതെന്നും സിദ്ധാര്‍ഥന്‍റെ അമ്മ കണ്ണീരോടെ പറഞ്ഞു. തെളിവുകള്‍ വേണ്ടത് പോലെ കിട്ടാത്തത് കൊണ്ടാവാമെന്നും കോടതിക്കപ്പുറം ദൈവമുണ്ടെന്നും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിദ്ധാര്‍ഥന്‍റെ അമ്മയുടെ വാക്കുകളിങ്ങനെ..

'ജാമ്യം അവര്‍ക്ക് കിട്ടില്ലെന്നാണ് ഞങ്ങള്‍ ഉറപ്പിച്ചിരുന്നത്. തെളിവുകള്‍ ശരിക്കും കിട്ടിയിട്ടില്ലല്ലോ. അതാവാം. റൂം വരെ അവര് കഴുകി വൃത്തിയാക്കിയിരുന്നുവെന്നാണ് കേട്ടത്. ഇതിപ്പോ അവര്‍ക്ക് വീണ്ടുമൊരു അവസരം കിട്ടിയത് പോലെയായി. ഇവരൊക്കെ അകത്ത് കിടക്കേണ്ടവരായിരുന്നു. ഇത് അറിഞ്ഞപ്പോള്‍ ശരിക്കും സങ്കടത്തിലാണ്. അവരാരും പുറത്തിറങ്ങേണ്ടവരല്ല. ഒരു കാര്യത്തിലും. അത്രയും നീചമായ കാര്യങ്ങളാണ് ചെയ്തിരിക്കുന്നത്. കേള്‍ക്കാന്‍ പോലും വയ്യാത്തത്. എന്തടിസ്ഥാനത്തില്‍ ജാമ്യം കൊടുത്തുവെന്ന് എനിക്കറിയില്ല. പക്ഷേ അതില്‍ ശരിക്കും വിഷമത്തിലാണ്. കോടതിയല്ലല്ലോ ലാസ്റ്റ് വിധി. ദൈവമുണ്ടല്ലോ. ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നവരാണ്'. 

 

കുറ്റകൃത്യം നടത്തിന് ശേഷമുള്ള 'ഗോള്‍ഡന്‍ അവര്‍' കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം തെളിഞ്ഞ കേസുകളുണ്ട്. അതുകൊണ്ട് ഉറപ്പായും ചില തെളിവുകള്‍ കാണുമെന്നും പ്രതികളെ വെറുതേ വിടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും സിദ്ധാര്‍ഥന്‍റെ അച്ഛന്‍ ജയപ്രകാശ് പ്രതികരിച്ചു. 'എന്‍റെ മകന്‍റെ ബോഡി അവിടെ നിന്ന് കൊണ്ടുപോയി ആശുപത്രിയില്‍ എത്തിയില്ല, അതിന് മുന്‍പ് മണി പറയുവാ.. ഇത് ആത്മഹത്യയാണ്,ന ിങ്ങള് വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ' എന്ന് അതുതന്നെയാണ് ഏറ്റവും വലിയ തെളിവ്. വൈത്തിരി മണിക്കറിയാം അവിടെ എന്താണ് സംഭവിച്ചതെന്ന് . വേണ്ടത് പോലെ ചോദ്യം ചെയ്താല്‍ അത് തെളിയും. സിദ്ധാര്‍ഥന്‍റെ സംഭവത്തിന് ശേഷം റാഗിങ് ഇപ്പോള്‍ കുറഞ്ഞിരിക്കുകയാവും. എന്നാല്‍ ഈ വിധി കാണുമ്പോള്‍ ഇത്രയുമല്ലേ സംഭവിക്കുകയുള്ളൂ എന്ന് കണ്ട് അതും വര്‍ധിക്കും. ആര്‍ക്കും ഇങ്ങനെയൊരു ദുരവസ്ഥ ഇനി വരാതെയിരിക്കട്ടെ. നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം താന്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ 19 പ്രതികള്‍ക്കാണ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിന്‍റെ വിചാരണ പൂര്‍ത്തിയാകുന്നത് വരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട് പോകരുത് എന്നീ നിര്‍ദേശങ്ങളും പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്. കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സ്ഥിതിക്ക് തങ്ങളുടെ കസ്റ്റഡി അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്. സിദ്ധാര്‍ഥന്‍റെ മരണത്തിന് ഉത്തരവാദികളാണെന്ന ആരോപണവും പ്രതികള്‍ നിഷേധിച്ചിരുന്നു. തുടര്‍വിദ്യാഭ്യാസത്തിന് കോടതി അവസരം ഒരുക്കണമെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 18നാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മർദിക്കുകയും ചെയ്തതിനെ തുടർന്ന് സിദ്ധാർഥൻ ജീവനൊടുക്കുകയുമായിരുന്നുവെന്നാണ് കേസ്.സിബിഐയുടെ പ്രാഥമിക കുറ്റപത്രത്തിലും പറഞ്ഞിരിക്കുന്നത്. അതിക്രൂരമായ പീഡനത്തിനാണ് സിദ്ധാര്‍ഥന്‍ ഇരയായതെന്ന് ആന്‍റി റാഗിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

ENGLISH SUMMARY:

'We believe in God, he will punish them', says deceased Siddharthan's mother on conditional bail to all accused.