സിദ്ധാര്ഥന്റെ മരണത്തില്‍ 19 പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് നിരാശാജനകമെന്ന് അച്ഛന്‍ ജയപ്രകാശ്. ജാമ്യം കൊടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ തോന്നിയ അതേ വേദനയാണ് ജാമ്യവാര്‍ത്ത അറിഞ്ഞപ്പോള്‍. എസ്എഫ്ഐ നേതാക്കളിലേക്ക് അന്വേഷണമെത്തിയപ്പോള്‍ കേസ് വഴിതെറ്റി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. കോടതി മാത്രമല്ല, ദൈവമുണ്ടല്ലോയെന്നും
സിദ്ധാര്‍ഥന്‍റെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.
പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു മാതാപിതാക്കള്‍. കര്‍ശന ഉപാധികളോടെയാണ് ജാമ്യം .
കേസിന്റെ വിചാരണ കഴിയും വരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുത് . പ്രതികള്‍ സംസ്ഥാനം വിട്ടുപോകരുത് . ജാമ്യം നല്‍കരുതെന്ന സിബിഐ വാദം ഹൈക്കോടതി തള്ളുകയായിരുന്നു.
വയനാട് പൂക്കോട് ക്യാംപസിൽ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സിദ്ധാര്‍ഥിനെ കണ്ടെത്തിയത്. ക്രൂരമർദനം ഏറ്റതായാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ രണ്ടോ മൂന്നോ ദിവസം പഴക്കമുള്ള ഒട്ടേറെ മുറിവുകളുണ്ട്. തലയിലും താടിയെല്ലിലും മുതുകിലും ക്ഷതമേറ്റതിന്റെ പാടുകളുമുണ്ട്. കഴുത്തിൽ കുരുക്കു മുറുകിയ ഭാഗത്തു കണ്ടെത്തിയ മുറിവിൽ അസ്വാഭാവികതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെ പേരിൽ സിദ്ധാർഥനെ ഒരു സംഘം വിദ്യാർഥികൾ മർദിക്കുകയും പരസ്യവിചാരണ നടത്തുകയും ചെയ്തെന്നും മരണം ഇതിനു ശേഷമാണെന്നുമുള്ള ആരോപണം പൊലീസ് ശരിവയ്ക്കുന്നു. മറ്റു വിദ്യാർഥികൾ നോക്കിനിൽക്കെ വിവസ്ത്രനാക്കുകയും ബെൽറ്റ്കൊണ്ടു പലവട്ടം അടിക്കുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്തതായും പറയുന്നു.