ഇല്ലാത്ത ചെലവുകളുടെ പേരില്‍ സിഎംആര്‍എല്‍ 103 കോടി കണക്കില്‍ കാണിച്ചെന്ന് ഡല്‍ഹി ആദായനികുതി വകുപ്പ്. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. മാസപ്പടി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റിപ്പോര്‍ട്ട് നല്‍കിയത്. പ്രോസിക്യൂഷന്‍ നടപടി പ്രാഥമിക അന്വേഷണത്തിനുശേഷമെന്നും തല്‍സ്ഥിതി റിപ്പോര്‍ട്ട്. 2012 മുതല്‍ 2019 വരെയാണ് വ്യാജ ചെലവുകളുടെ കണക്കുകള്‍ കാണിച്ചിരിക്കുന്നത്. തല്‍സ്ഥിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
കേരളം കണ്ട ഏറ്റവും വലിയ കൊള്ളയുടെ ഒരറ്റംമാത്രമാണിതെന്ന് കോട്ടയം ജില്ലാ പഞ്ചായത്തംഗവും സിഎംആർഎല്ലിൽ മൈനോരിറ്റി ഷെയർഹോൾഡറുമായ ഷോൺ ജോർജും പുറത്തുവന്നത് തന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിവരങ്ങളെന്ന് മാത്യു കുഴല്‍നാടനും പ്രതികരിച്ചു. അതേസമയം സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാട് സംബന്ധിച്ച് അന്വേഷണ ആവശ്യം വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയെ സമീപിച്ചു. അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കോടതി നേരിട്ട് അന്വേഷണം നടത്തണം എന്നായിരുന്നു ആവശ്യം.