ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തില്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ വീണ്ടും പോര്‍മുഖം തുറന്ന് സി.ഐ.ടി.യു. ഡ്രൈവിങ് സ്കൂളുകളില്‍ തിയറി പഠിപ്പിക്കുന്ന ഇന്‍സ്ട്രക്റ്റര്‍മാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ വരണമെന്നതുള്‍പ്പെടേയുള്ള തീരുമാനങ്ങള്‍ എല്ലാ ട്രേഡ് യൂണിയനുകളും അംഗീകരിച്ചുവെന്ന് മന്ത്രി കള്ളം പറയുകയാണെന്ന് സി.ഐ.ടി.യു ആരോപിച്ചു. ഇതിനെതിരെ പത്താം തിയ്യതി മുതല്‍ അനിശ്ചിതകാല ധര്‍ണയും സി.ഐ.ടി.യു പ്രഖ്യാപിച്ചു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങള്‍ക്കെതിരെ ഡ്രൈവിങ് സ്കൂളുകള്‍ ടെസ്റ്റുകള്‍ ബഹിഷ്കരിച്ച് നടത്തിയ സമരം കഴിഞ്ഞ പതിനഞ്ചിന് ട്രേഡ് യൂണിന്‍ നേതാക്കളുമായി മന്ത്രി ഗണേഷ് കുമാര്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായിരുന്നു. ആ യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ക്കെതിരെയാണ് സി.ഐ.ടി.യു രംഗത്തുവന്നിരിക്കുന്നത്. ഡ്രൈവിങ് സ്കൂളിലെ തിയറി പഠിപ്പിക്കുന്നയാള്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഉണ്ടായിരിക്കണം, പതിനഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വണ്ടികള്‍ ടെസ്റ്റിന് ഉപയോഗിക്കരുത്, സ്ലോട്ടുകളുടെ എണ്ണം ഒരു എം.വിക്ക് നാല്‍പതാക്കി നിജപ്പെടുത്തണം എന്നീ തീരുമാനങ്ങളോടാണ് എതിര്‍പ്പ്. പതിനഞ്ചിന് നടന്ന ചര്‍ച്ചയില്‍ ഈ തീരുമാനങ്ങള്‍ എല്ലാ ട്രേഡ് യൂണിയനുകളും അംഗീകരിച്ചെന്ന് മന്ത്രി കള്ളം പറയുകയാണ്. ഈ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് അറിയിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങുപ്പോവുകയാണ് ചെയ്തതെന്നും സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു.
ഇന്‍സ്ട്രക്ടര്‍ പരിശീലന ഫീസ് മൂവായിരത്തില്‍ നിന്ന് മുപ്പത്തയേഴായിരമാക്കി ഉയര്‍ത്തിയത് പിന്‍വലിക്കണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് പത്താം തിയ്യതി മുതല്‍ സി.ഐ.ടി.യു സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണാ സമരം നടത്തും.