പത്തനംതിട്ട തണ്ണിത്തോട്ടിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന ഭീഷണിയുമായി സിപിഎം നേതാവ് . വനഭൂമിയിൽ അനധികൃതമായി സിഐടിയുവിൻറെ കൊടിമരം നീക്കിയതാണ് പ്രകോപനം. കഴിഞ്ഞ ദിവസവും മറ്റൊരു വിഷയത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം നേതാക്കളുടെ ആക്രമണം ഉണ്ടായിരുന്നു.
സിപിഎം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് ആണ് ഭീഷണി മുഴക്കിയത്. കോന്നി അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ കവാടത്തോടു ചേർന്നാണ് കുട്ട വഞ്ചി തുഴച്ചിൽ നടത്തുന്ന ഒരു സംഘം സിഐടിയു കൊടിമരം സ്‌ഥാപിച്ചത്. 'മറ്റു ട്രേഡ് യൂണിയനുകളും കൊടിമരംസ്‌ഥാപിക്കാൻ നീക്കം ആരംഭിച്ചതോടെ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തി സിഐടിയു കൊടിമരം നീക്കം ചെയ്തു. രാത്രിയിൽ സിഐടിയു വീണ്ടും കൊടിമരം സ്ഥാപിച്ചു തുടർന്നായിരുന്നു പ്രതിഷേധവും ഭീഷണിയും.
വനഭൂമിയിൽ അനധിക്യതമായി കൊടിമരം സ്ഥാപിച്ചതിനു കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞദിവസം സീതത്തോട്ടിൽ തടികൾ പരിശോധിക്കാൻ എത്തിയ വനിതാ ഉദ്യോഗസ്ഥയെ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. പരാതിപ്പെട്ടാലും പോലീസ് ഇടപെടില്ലെന്നും ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങള്‍.