k-muralidharan

TOPICS COVERED

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ മല്‍സരിപ്പിക്കുന്നത് പരിഗണനയില്‍. മുരളീധരന്‍റെ താല്‍പ്പര്യം കൂടി കണക്കിലെടുത്താകും അന്തിമതീരുമാനം. നേതൃത്വം ഒന്നാകെ കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്. അതേസമയം പാലക്കാട് താന്‍ മല്‍സരിക്കണോ വേണ്ടയോ എന്ന കാര്യങ്ങളെല്ലാം കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് രാഹൂല്‍ മാങ്കൂട്ടത്തില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

തൃശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാന്‍ തീരുമാനമെടുത്ത കെ. മുരളീധരനെ തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണ്. കെ. സുധാകരന്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും മുരളീധരന്‍ വഴങ്ങിയിട്ടില്ല. അതിനാല്‍ കൂടുതല്‍ നേതാക്കള്‍ അനുനയ നീക്കവുമായി രംഗത്തുണ്ട്. കെ. മുരളീധരന് അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് പൊതുവികാരം.രാഹുൽ ഗാന്ധി ഒഴിഞ്ഞാൽ വയനാട്ടിൽ പരിഗണിക്കണമെന്നുള്ള ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. എന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് മുരളീധരന് താല്‍പ്പര്യം. ഇതുകൂടി മനസിലാക്കിയാണ് പാലക്കാട് മല്‍സരിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. എന്നാലിക്കാര്യത്തില്‍ പാര്‍ട്ടിയുടെ സമ്മര്‍ദം ഉണ്ടാകില്ല. കെ. മുരളീധരന് തീരുമാനിക്കാം. അതിനിടെ ഉപതിരഞ്ഞെടുപ്പില്‍ ചേലക്കരയിലും പാലക്കാടും യുഡിഎഫ് വന്‍ വിജയം നേടുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ മല്‍സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കും. 

ENGLISH SUMMARY:

K. Muraleedharan is being considered for the Palakkad assembly by-election