തൃശൂരില്‍ കെ.എസ്.ആര്‍.ടി.സി. ബസ് പാഞ്ഞു കയറി ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു. തൃശൂരിന്റെ ശില്‍പിയായ ശക്തന്‍ തമ്പുരാന്റെ പ്രതിമ ഉടന്‍ പുനസ്ഥാപിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു.
ഇന്നു പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചു കയറിയത് ശക്തന്‍ തമ്പുരാന്റെ പ്രതിമ സ്ഥാപിച്ച ഇടത്തേയ്ക്കായിരുന്നു. ചുറ്റുവേലി തകര്‍ത്ത ബസ്, ഇടിച്ചു നിന്നതാകട്ടെ പ്രതിമ സ്ഥാപിച്ച തൂണിലായിരുന്നു. പ്രതിമ താഴ്ന്നു. ലോഹത്തില്‍ നിര്‍മിച്ച പ്രതിമയില്‍ വിള്ളല്‍ വീണു. ബസിലെ യാത്രക്കാരായ മൂന്നു പേര്‍ക്കു നിസാര പരുക്കേറ്റു. റവന്യൂമന്ത്രി കെ.രാജനും തൃശൂര്‍ എം.എല്‍.എ: പി.ബാലചന്ദ്രനും സ്ഥലം സന്ദര്‍ശിച്ചു.
പുലിക്കളി ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുന്നത് ശക്തന്‍ തമ്പുരാന് മാല ചാര്‍ത്തിയാണ്. തൃശൂര്‍ പൂരം ഇന്നു കാണുന്ന പകിട്ടില്‍ ചിട്ടപ്പെടുത്തിയതും ശക്തന്‍ തമ്പുരാനാണ്. അതുക്കൊണ്ടുതന്നെയാണ്, ശക്തന്റെ പ്രതിമ തകര്‍ന്നത് ഉടന്‍ നവീകരിച്ച് പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇടപ്പെട്ടത്.