പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • വേതനം ലഭിക്കാനുള്ളത് NCC, SPC, NSS കെഡറ്റുകള്‍ക്ക്
  • ജോലി ചെയ്തത് കാല്‍ ലക്ഷത്തോളം സ്പെഷല്‍ പൊലീസ് ഓഫിസര്‍മാര്‍
  • കൈമലര്‍ത്തി പൊലീസും തിര‍ഞ്ഞെടുപ്പ് കമ്മിഷനും

ലോക്സഭ തിരഞ്ഞെടുപ്പ്  കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷല്‍ പൊലീസ് ഓഫിസർമാർക്ക് വേതനം നൽകിയില്ല. എൻ.സി.സി, എൻ.എസ്.എസ്, എസ്.പി.സി കേഡറ്റുകളായ പതിനായിരകണക്കിന് വിദ്യാർത്ഥികൾക്കാണ് പണം ലഭിക്കാനുള്ളത്. ഉറക്കമിളച്ച് 48 മണിക്കൂറോളം  തുടർച്ചയായി ജോലി ചെയ്തവരോടാണ് അവഗണന. വേതനം നൽകുന്ന കാര്യത്തിൽ പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും കൈമലര്‍ത്തുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കാല്‍ലക്ഷത്തോളം പേരെയാണ് സുരക്ഷയ്ക്കായി പോളിങ് ബൂത്തുകളില്‍ നിയോഗിച്ചിരുന്നത്.

 

ഏപ്രില്‍ 26നായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ നാലിന് ഫലവും വന്നു. ഇന്നലെ കേന്ദ്രത്തില്‍ പുതിയ സര്‍ക്കാരും ചുമതലയേറ്റു. ഇതിനിടെ ലോക്സഭ ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കെല്ലാം പോക്കറ്റില്‍ കൃത്യമായി പണം എത്തി.  അവഗണന ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ വിദ്യാര്‍ഥികളോടാണ്. പോളിങിന് തലേദിവസം രാവിലെ ആറ് മണിക്ക് തുടങ്ങിയ സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍മാരുടെ ജോലി അവസാനിച്ചത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീനുകള്‍ സ്ട്രോങ് റൂമില്‍ എത്തിച്ചതിന് ശേഷം. രണ്ട് ദിവസവും 1300 രൂപ വീതം പ്രതിഫലം നല്‍കുമെന്നായിരുന്നു വാഗ്ദാനം. യാത്രയ്ക്കടക്കം സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിച്ചാണ് പെണ്‍കുട്ടികളടക്കം ജോലിക്കെത്തിയത്.

മുന്‍വര്‍ഷങ്ങളില്‍ കയ്യില്‍ നേരിട്ടാണ് പണം നല്‍കിയതെങ്കില്‍ ഇത്തവണ അക്കൗണ്ടിലേക്ക് പണമെത്തുമെന്നായിരുന്നു വാഗ്ദാനം. ഒന്നരമാസം കഴിയുമ്പോളും ചില്ലികാശ് ലഭിച്ചില്ല. വേതനത്തിനായി പൊലീസ് സ്റ്റേഷന്‍ മുതല്‍ കലക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ ഓഫിസുകള്‍ ആഴ്ചതോും കയറിയിറങ്ങേണ്ട ഗതികേടാണ് വിദ്യാര്‍ഥികള്‍ക്ക്. ഇവരോടൊപ്പം സ്പെഷ്യല്‍ പൊലീസ് ഓഫിസര്‍മാരായി ജോലിചെയ്ത സൈനിക, അര്‍ധസൈനിക, പൊലീസ് സേനകളില്‍ നിന്ന് വിരമിച്ചവര്‍ക്കെല്ലാം പണം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് മാത്രം കൂലിയില്ല.

ENGLISH SUMMARY:

Special police officers yet to get salary for polling duty.