പെരിയാറിലെ മത്സ്യ കുരുതിക്ക് കാരണം പാതാളം റെഗുലേറ്ററിൽ നിന്ന് ഓക്സിജൻ കുറഞ്ഞ വെള്ളം ഒഴുകി എത്തിയതാണെന്ന് മുഖ്യമന്ത്രി. ഫാക്ടറികളിൽ നിന്ന് രാസമാലിന്യം ഒഴുക്കിവിട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. കൊച്ചിയിൽ ഉണ്ടായ പോലെയുള്ള വലിയ മഴയിൽ എവിടെ ആയാലും വെള്ളക്കെട്ട് ഉണ്ടാകുമെന്ന് ഉമ തോമസിന്‍റെ സബ്മിഷന് മറുപടിയായി മന്ത്രി എം. ബി രാജേഷ് പറഞ്ഞു.

പെരിയാറിന്‍റെ തീരത്തു നിന്നുള്ള ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏലൂർ എടയാർ ഭാഗത്ത് തുടർന്നും പരിശോധന നടത്തും.മഴ കൂടിയപ്പാൾ പാതാളം റെഗുലേറ്റർ തുറന്നു. അപ്പോൾ ഓക്സിജന്‍റെ അളവ് കുറഞ്ഞ വെള്ളം പുഴയിലേക്ക് എത്തിയതാണ് മത്സ്യങ്ങൾ ചാകാൻ കാരണം. മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ വിശദമായ റിപ്പോർട്ട് വരേണ്ടതുണ്ട്. 13.56 കോടിയുടെ മത്സ്യ നാശം ഉണ്ടായിട്ടുണ്ടെന്നും ടി.ജെ. വിനോദിന്റെ സബ്മിഷന് മറുപടിയായി പിണറായി വിജയൻ പറഞ്ഞു.

കൊച്ചിയിലെ വെള്ളക്കെട്ടും സഭയിൽ ഉന്നയിക്കപ്പെട്ടു. ഇത്രയും വലിയ മഴ പെയ്താൽ എവിടെയായാലും വെള്ളക്കെട്ട് ഉണ്ടാകുമെന്ന് മന്ത്രി എം.ബി. രാജേഷ്  പറഞ്ഞു. മഴക്കാല പൂർവ്വ ശുചീകരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിയന്ത്രണങ്ങൾ തടസം സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു.

ENGLISH SUMMARY:

Minister MB Rajesh said that there will be waterlogging anywhere during heavy rains