പണി തീർന്നതും മൂന്ന് ദിവസത്തിനുള്ളിൽ പണി തീരുന്നതുമായ സ്മാർട് റോഡ് എന്നു പറഞ്ഞാൽ നമ്മുടെ സങ്കല്പത്തിലെന്താണ്? സ്മാർട്ടായ ഓടകളും ഭൂമിക്കടിയിലൂടെ പോകുന്ന കേബിളുകളും മനോഹരമായ തെരുവുവിളക്കുകളും ഒക്കെയായിരിക്കും. എന്നാൽ തിരുവനന്തപുരം നഗരത്തിലെ സ്മാർട് റോഡുകൾ അതിനൊക്കെ മേലെയാണ്.
റോഡിനിരുവശത്തും കണ്ണിനിമ്പമേകുന്ന കാഴ്ചകൾ . ഇനിയൊരിക്കലും കാണാനാകില്ലെന്ന് കരുതിയ കേബിളുകൾ ആകാശത്ത് കുരുങ്ങി കുരുങ്ങി നൃത്തമാടുന്നു.
ഭംഗി കൂട്ടാനാകണം ബാക്കിയുള്ളവ പൂക്കളുടെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ഒന്നിടവിട്ട് പൊട്ടിയ സ്ളാബുകൾ അതി മനോഹര കാഴ്ചയാണ്.അതിനു മുകളിലൂടെ കുഞ്ഞുമക്കൾ നടന്നു വരുന്ന ദൃശ്യം നമ്മളിൽ കോരിത്തരിപ്പുണ്ടാക്കും. അതേ നടപ്പാതയിൽ നീണ്ടു കൂർത്തു നിൽക്കുന്ന ആണികൾ കാണുമ്പോൾ ഹൃദയമിടിപ്പ് കൂടും.
ഓടകളിൽ വെറും വെള്ളമല്ല വീപ്പകളും വയറുമൊക്കെയാണ് ഒഴുകി നടക്കുന്നത്. നടപ്പാതയിലുള്ള കേബിൾ ചേംബർ വഴി മുടക്കിയാൽ റോഡിലേയ്ക്ക് ഇറങ്ങി നടന്നാ മതി. റോഡിൽ നിന്ന് രണ്ടിഞ്ച് ഉയരത്തിൽ ഉയർന്നു നിൽക്കുന്ന മാൻഹോളുകൾ തിരുവനന്തപുരത്തിന്റെ മാത്രം പ്രത്യേകതയാണ്. സ്ളാബുകൾ വാർത്തിട്ടുo പൊളിക്കാത്ത അച്ചുകളിൽ ഇനി തുണി വിരിക്കാം.
ഉദ്ഘാടനം കഴിഞ്ഞ നോർക്ക- ഗാന്ധിഭവൻ റോഡിലെ വലിയ കുഴി മുന്നറിയിപ്പ് കണ്ട് പിൻതിരിഞ്ഞാൽ ആ കുഴികളിലൊളിപ്പിച്ച കൗതുകങ്ങൾ നിങ്ങൾക്ക് നഷ്ടമാകും.