ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ അമ്മയ്ക്ക് വീടൊരുങ്ങുന്നു. വീട് വയ്ക്കാനുള്ള സ്ഥലം കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടത്തെ ജോയിയുടെ വീടിനടുത്ത് തന്നെയാണ് അഞ്ച് സെന്‍റ് സ്ഥലം കണ്ടെത്തിയത്. ഒരാഴ്ചയ്ക്കകം റജിസ്ട്രേഷന്‍ പൂര്‍ത്തിയാകുമെന്നും മേയ് മാസത്തോടെ വീട് പണി പൂര്‍ത്തിയാക്കുമെന്നും പെരുങ്കടവിള പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
മാരായമുട്ടത്തെ ഈ ഒറ്റമുറി വീട്ടിലാണ് അമ്മയ്ക്കൊപ്പം ജോയി താമസിച്ചിരുന്നത്. വീട്ടിലേക്കുള്ള വഴി മഴയില്‍ ഇടിഞ്ഞുവീണു. വീടും എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന നിലയില്‍. ഈ ദുര്‍ഘട പാത താണ്ടി വേണം വീട്ടിലേക്കെത്താന്‍. ജോയിയുടെ ദാരുണ മരണത്തിന് പിന്നാലെ, വീടിന്‍റെ ഈ അവസ്ഥ കണ്ടാണ് തിരുവനന്തപുരം കോര്‍പറേഷന്‍ അമ്മ മെല്‍ഹിക്ക് പുതിയൊരു വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. വീട് വയ്കാനുള്ള സ്ഥലം വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ നേരത്തെ വകയിരുത്തിയിരുന്നു. സ്ഥലം കണ്ടെത്തിയാല്‍ വീട് നിര്‍മാണം കോര്‍പറേഷന്‍ നടത്തും. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മാരായമുട്ടത്ത് തന്നെ അഞ്ച് സെന്‍റ് സ്ഥലം കണ്ടെത്തി.
അടുത്ത ആഴ്ചയോടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുമെന്നും തൊട്ട് പിന്നാലെ നിര്‍മാണം തുടങ്ങുമെന്നും സ്ഥലം കണ്ടെത്താന്‍ സഹായിച്ച പെരുങ്കടവിള പഞ്ചായത്ത് പ്രസിഡന്‍റും മാരായമുട്ടം വാര്‍ഡ് മെമ്പറും അറിയിച്ചു. റജിസ്ട്രഷനും വീട് നിര്‍മാണവും സമയബന്ധിതമായി നടന്നാല്‍ അടുത്ത മഴയ്ക്ക് മുമ്പ് ജോയിയുടെ അമ്മയ്ക്ക് അടച്ചുറപ്പും നല്ല വഴിയുമുള്ള ഒരു വീടിന്‍റെ തണലൊരുങ്ങും.