loss-of-srihari-in-kuwait-labor-camp-fire

കുവൈത്തിലെ മംഗഫ് തൊഴിലാളി ക്യാംപ് തീപിടിത്തത്തില്‍ മരിച്ച ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി കഴിഞ്ഞ ബുധനാഴ്ചയാണ്  കുവൈത്തിലേക്ക് പോയത്. ഇന്നലെ ഉച്ചയോടെയാണ് ശ്രീഹരിയുടെ മരണ വിവരം അറിഞ്ഞത്. മരണ വാര്‍ത്ത കേട്ട നടുക്കത്തിലാണ് ചങ്ങനാശേരി ഇത്തിത്താനം എന്ന ഗ്രാമം. മെക്കാനിക്കല്‍ എഞ്ചിനിയറായി ജൂണ്‍ അഞ്ചിനാണ് ശ്രീഹരി ജോലിയില്‍ പ്രവേശിച്ചത്. കിഴക്കേട്ടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ്. ശ്രീഹരിയുടെ പിതാവ് പ്രദീപും കുവൈത്തിലാണ്. അപകട വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ പിതാവ് പ്രദീപാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. 

 

അതിനിടെ കുവൈത്ത് തീപിടിത്തത്തില്‍ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞു. 24 മലയാളികള്‍ അടക്കം 43 ഇന്ത്യക്കാരും ആറ് ഫിലിപ്പീന്‍സുകാരുമാണ് മരിച്ചത്. 50 പേര്‍ക്ക് പരുക്കേറ്റതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരന്‍, കോന്നി അട്ടച്ചാക്കല്‍ സജു വര്‍ഗീസ്, തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, കൊല്ലം ശൂരനാട് ഷമീര്‍, വെളിച്ചിക്കാല ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ സാജന്‍ ജോര്‍ജ്, കാസര്‍കോട് ചെര്‍ക്കള രഞ്ജിത്, തൃക്കരിപ്പൂര്‍ കേളു പൊന്മലേരി, കോട്ടയം പാമ്പാടി സ്റ്റെഫിന്‍ എബ്രഹാം സാബു, കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍ , തിരൂര്‍ കൂട്ടായി സ്വദേശി നൂഹ് ,മലപ്പുറം പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി.ബാഹുലേയന്‍, ചങ്ങനാശേരി ഇത്തിത്താനം കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീപ് എന്നിവരാണ് മരിച്ചത്.  

മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കുമെന്ന് കുവൈത്തിലേക്ക് പുറപ്പെടും മുമ്പ് വിദേശകാര്യസഹമന്ത്രി കീ‍ർത്തി വർധൻ സിങ് പറഞ്ഞു. കുവൈത്ത് അഹ്മദി ഗവര്‍ണറേറ്റിലെ മംഗഫില്‍ തൊഴിലാളികളുടെ താമസകേന്ദ്രത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് തീപടര്‍ന്നത്. അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്  ചര്‍ച്ച ചെയ്യാന്‍  അടിയന്തര മന്ത്രിസഭായോഗം തിരുവനന്തപുരത്ത് തുടങ്ങി. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക് തിരിക്കും. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം ധനസഹായം പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

Changanassery Itthithanam mourns the loss of Sreehari, a promising mechanical engineer who tragically perished in a fire at a labor camp in Mangaf, Kuwait.