ration-supply-strike
  • കിറ്റിന്‍റെ കുടിശിക നല്‍കാതെ സര്‍ക്കാര്‍
  • പലയിടത്തും കടകളില്‍ ശേഷിക്കുന്നത് വെള്ളയരി മാത്രം
  • സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കും

സംസ്ഥാനത്ത് റേഷന്‍ വിതരണവും സ്തംഭനത്തിലേക്ക്. വാതില്‍പ്പടി വിതരണക്കാരുടെ സമരത്തെ തുടര്‍ന്ന് മിക്ക റേഷന്‍ കടകളിലും സാധനങ്ങള്‍ തീര്‍ന്ന് തുടങ്ങി. അടുത്തയാഴ്ച മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങാനുള്ള നീക്കത്തിലാണ് റേഷന്‍ വ്യാപാരികളുടെ സംഘടന. കോവിഡ് കാലത്ത് വിതരണം ചെയ്ത കിറ്റിന്റെ കുടിശിക നല്‍കാത്തതില്‍ സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനാണ് വ്യാപാരികളുടെ തീരുമാനം.

 

വാതില്‍പ്പടി വിതരണക്കാരുടെ സമരം ഒന്നരമാസം പിന്നിട്ടതോടെ മിക്ക റേഷന്‍ കടകളും കാലിയായി തുടങ്ങി. വിതരണം നിലച്ചതോടെ എറണാകുളം ജില്ലയിലെ ഭൂരിഭാഗം റേഷന്‍ കടകളിലും വെള്ളഅരി മാത്രമാണ് നിലവില്‍ സ്റ്റോക്കുള്ളത്. അടുത്ത ദിവസം അതും തീരും. റേഷന്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ മടക്കി അയയ്ക്കേണ്ട ഗതികേടിലാണിവര്‍. 

റേഷന്‍ കടകള്‍ അടച്ചിട്ട് സമരം തുടങ്ങാനാണ്  ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ തയാറെടുക്കുന്നത്. കോവിഡ് കാലത്ത് പതിനൊന്ന് മാസം ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത വകയില്‍ 48 കോടി രൂപയാണ് സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ളത്. മേയ് 18നകം തുക കൈമാറണമെന്ന ഹൈക്കോടതി നിര്‍ദേശവും സര്‍ക്കാര്‍ ലംഘിച്ചതോടെയാണ് കോടതിയലക്ഷ്യനടപടികളിലേക്ക് നീങ്ങാനുള്ള തീരുമാനം.

ഗോഡൗണുകളില്‍ നിന്നുള്ള റേഷന്‍ സാധനങ്ങള്‍‍ കടകളിലെത്തിക്കേണ്ടത് വാതില്‍പ്പടി വിതരണക്കാരാണ്. 60 കോടിയോളം രൂപയാണ് വിതരണക്കാര്‍ക്ക് സപ്ലൈകോ നല്‍കാനുള്ളത്. പലവട്ടം ഭക്ഷ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങിയത്.