കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി. 23 മലയാളികളുടേതടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിച്ചു. 7 തമിഴ്നാട്ടുകാരുടെ മൃതദേഹങ്ങള്‍ തമിഴ്നാട് മന്ത്രി ഏറ്റുവാങ്ങി. ഒരു കര്‍ണാടകക്കാരന്‍റെ മൃതദേഹവും ഇവിടെവച്ച് കൈമാറി. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.
സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന മന്ത്രിമാരും തമിഴ്നാട് മന്ത്രി കെ.എസ്.മസ്താനും ആദരം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ അല്‍പസമയത്തിനകം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.
അതേസമയം, കുവൈത്തിലെ ദുരന്തത്തില്‍പ്പെട്ട ഇരുപത്തഞ്ച് മലയാളികള്‍ അവിടെ വിവിധ ആശുപത്രികളില്‍ ചികില്‍സയലാണെന്ന് നോര്‍ക്ക സി.ഇ.ഒ. അജിത് കോളശേരി. ഇതില്‍ ഏഴുപേര്‍ ഗുരുതരാവസ്ഥയിലാണ്. രണ്ടുപേരെ തിരിച്ചറിയാനുണ്ട്. ഇവരുടെ വിരലടയാളങ്ങളില്‍ തിരിച്ചറിയാനായില്ല. ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെടുക്കും. അഞ്ചുമലയാളികള്‍ ഉള്‍പ്പടെ പന്ത്രണ്ടുപേര്‍ ആശുപത്രിവിട്ടു.എല്ലാവര്‍ക്കും സഹായമെത്തിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു.