പെരിയാര്‍ മത്സ്യക്കുരുതിയ്ക്ക് കാരണം രാസമാലിന്യം പുഴയില്‍ കലര്‍ന്നതല്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവനയ്ക്കെതിരെ മത്സ്യക്കര്‍ഷകര്‍. ഓക്സിജന്‍ കുറവുമൂലമാണ് മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധമറിയിക്കും. നഷ്ടപരിഹാരത്തുക അനുവദിക്കാത്തതിനാല്‍, നാനൂറിലധികം കുടുംബങ്ങള്‍ കടക്കെണിയിലാണ്.
പുഴയില്‍ രാസമാലിന്യം കലര്‍ന്നിട്ടില്ലെന്ന പിസിബിയുടെ റിപ്പോര്‍ട്ടില്‍ രോഷാകുലരായി നില്‍ക്കുന്ന മത്സ്യക്കര്‍ഷകരോടാണ് മുഖ്യമന്ത്രി ഈ പറഞ്ഞത്. പിന്നാലെ പ്രതിഷേധം കടുത്തു. ഹൈഡ്രജന്‍ സള്‍ഫൈഡിന്‍റെ സാന്നിധ്യം പെരിയാറില്‍ ഉണ്ടായിരുന്നുവെന്ന കുഫോസിന്‍റെ പഠന റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുക്കാത്ത, സര്‍ക്കാര്‍ നടപടി ചോദ്യംചെയ്യാനാണ് തീരുമാനം. ശനിയാഴ്ച വരാപ്പുഴയില്‍, പിസിബിയുടെ റിപ്പോര്‍ട്ട് കത്തിച്ച് പ്രതിഷേധമറിയിക്കും.
13 കോടി രൂപയുടെ നഷ്ടം തിട്ടപ്പെടുത്തി ഫിഷറീസ് വകുപ്പ് പോയതല്ലാതെ ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി അനുവദിച്ചിട്ടില്ല. കടക്കെണിയിലായ നാനൂറിലധികം കുടുംബങ്ങള്‍ക്ക് അടിയന്തര സഹായം നല്‍കിയില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന കുറച്ചൊന്നുമല്ല ഈ കര്‍ഷകരെ വിഷമിപ്പിച്ചത്.