മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായ കള്ളപ്പണംവെളുപ്പിക്കല്‍ കേസിൽ നടൻ സൗബിൻ ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി. സൗബിന്‍ ഹാജരാക്കിയ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ സാമ്പത്തികയിടപാടുകളുടെ രേഖകള്‍ പരിശോധിച്ച ശേഷമാകും തീരുമാനം. ആദ്യഘട്ടത്തില്‍ രണ്ട് ദിവസം പതിനഞ്ച് മണിക്കൂറിലേറെയാണ് സൗബിനെ ചോദ്യം ചെയ്തത്.
അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദിന്‍റെ പരാതിയില്‍ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ ചുവടുപിടിച്ചാണ് പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്. പറവ ഫിലിംസ് മാനേജര്‍ ഷോണ്‍ ആന്‍റണിയെ തുടര്‍ച്ചയായി ചോദ്യം ചെയ്ത ശേഷമാണ് നടന്‍ സൗബിന്‍ ഷാഹിറെ വിളിപ്പിച്ചത്. ഈ മാസം ഏഴ്, പത്ത് തീയതികളില്‍ സൗബിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടും നടത്തിയ സാമ്പത്തികയിടപാടുകള്‍ സംബന്ധിച്ച രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. മുഴുവന്‍ രേഖകളും സൗബിന്‍ ഹാജരാക്കി. രണ്ടാം ദിവസം സൗബിന്‍റെ പിതാവ് ബാബു ഷാഹിറിനെയും ഇഡി ചോദ്യം ചെയ്തു. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ വിതരണക്കാരായ ഡ്രീം ബിഗ് ഫിലിംസ് സിഇഒ സുജിത് നായരെയും ഇഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തു. നിര്‍മാതാക്കള്‍ ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ച ശേഷം സൗബിനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. സൗബിന്റെ മറ്റ് സാമ്പത്തികയിടപാടുകളും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രീമിയം സെക്കന്‍ഡ്സ് കാര്‍ ഷോറൂമിന്‍റെ അക്കൗണ്ടുകളും ഇഡി പരിശോധിച്ചു. മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ലാഭം ഈ സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ സിനിമകളും സ്ഥാപനങ്ങളും വരും ദിവസങ്ങളില്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് ഇഡി നീക്കം. ഇതിനിടെ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള നീക്കവും സജീവമാണ്. പൊലീസ് കേസ് തീ്ര്‍പ്പാകുന്നത് വഴി ഇഡി അന്വേഷണത്തെയും തടയുകയാണ് ലക്ഷ്യം.