കാസര്‍കോട് മൊഗ്രാലില്‍ പഞ്ചായത്ത് ഓഫിസില്‍ സ്ത്രീയെ പൂട്ടിയിട്ടു. വീടിനായി നല്‍കിയ രേഖകള്‍ പഞ്ചായത്ത് ഓഫിസില്‍ നിന്നും തിരികെ വാങ്ങാനെത്തിയ ബയല്‍ സ്വദേശി സാവിത്രിയെയാണ് വി.ഇ.ഒ പൂട്ടിയിട്ടത്. സംഭവത്തില്‍ വി.ഇ.ഒ എം. അബ്ദുല്‍ നാസറിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വി.ഇ.ഒയുടെ പരാതിയില്‍ സാവിത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ലൈഫ് പദ്ധതി പ്രകാരമുള്ള വീടിനാണ് സാവിത്രി അപേക്ഷിച്ചിരുന്നത്. വീട് അനുവദിച്ചുവെന്ന് പഞ്ചായത്തില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് താമസിച്ച് വന്ന ഷെഡ് സാവിത്രി പൊളിച്ചു കളഞ്ഞിരുന്നു. എന്നാല്‍ ഫണ്ട് വാങ്ങുന്നതിനായും മറ്റും പഞ്ചായത്ത് ഓഫിസില്‍ എത്തിയതോടെ വീട് അനുവദിച്ചത് മറ്റൊരു സാവിത്രിക്കാണെന്നും തനിക്ക് തെറ്റുപറ്റിയതാണെന്നുമായിരുന്നു വി.ഇ.ഒയുടെ പ്രതികരണം. ഇതോടെ ഇരുവരുമായി വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് വാര്‍ഡ് മെംബറടങ്ങിയ സംഘവുമായി രേഖകള്‍ വാങ്ങാനെത്തിയപ്പോഴാണ് വി.ഇ.ഒ സാവിത്രിയെ പൂട്ടിയിട്ടത്.