vizhinjam-port-1506

വിഴിഞ്ഞം തുറമുഖത്തിന് നിര്‍ണായക അനുമതി. രാജ്യാന്തര ഇറക്കുമതിയ്ക്കും കയറ്റുമതിയ്ക്കുമുള്ള കസ്റ്റംസ് അനുമതിയാണ് ലഭിച്ചത്. സെക്ഷൻ 7 എ അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡാണ് വിഴിഞ്ഞത്തെ കസ്റ്റംസ് പോര്‍ട്ടായി അംഗീകരിച്ചുകൊണ്ട് വിജ്ഞാപനം  ഇറക്കിയത്. ബോര്‍ഡിന്‍റെ പന്ത്രണ്ട് മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് അംഗീകാരം. ഇതോടെ ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്കുനീക്കത്തിന്റെ മുഖ്യ ഹബ്ബായി മാറാനുള്ള അവസരം വിഴിഞ്ഞത്തിന് ഒരുങ്ങിയെന്ന് മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. 

 

ഓഫീസ് സൗകര്യങ്ങൾ, കെട്ടിടങ്ങൾ, കപ്യൂട്ടർ സംവിധാനം, മികച്ച സർവ്വർ റൂം ഫെസിലറ്റി, തുടങ്ങി 12 മാർഗ നിർദ്ദേശങ്ങളാണ് കസ്റ്റംസ് മുന്നോട്ടു വച്ചിരുന്നത്. ഇതെല്ലാം പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ വിഴിഞ്ഞത്തിന് സാധ്യമായതോടെയാണ് അംഗീകാരം ലഭിച്ചതെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇനി സെക്ഷന്‍ 8, 45 എന്നിവ പ്രകാരമുള്ള അംഗീകാരങ്ങളും പോര്‍ട് കോഡുകളുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതിനുവേണ്ട സജ്ജീകരണങ്ങളും പോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി പ്രവർത്തിക്കാനുള്ള അനുമതി കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിന് നേരത്തെ ലഭിച്ചിരുന്നു. ഒരു കപ്പലിൽ നിന്ന് മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റിയശേഷം ചരക്കുനീക്കം നടത്തുന്ന തുറമുഖമാണ് ട്രാൻസ്ഷിപ്പ്മെന്റ് പോർട്. ഇന്ത്യയുടെ പ്രാദേശിക ഭാഗങ്ങളിൽ നിന്ന് ചെറുകപ്പലുകളിലെത്തുന്ന ചരക്കുകൾ/കണ്ടെയ്നറുകൾ വിഴിഞ്ഞത്തു വച്ച് വമ്പൻ മദർഷിപ്പുകളിലേക്ക് മാറ്റി വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനാകും. വിദേശത്തുനിന്ന് മദർഷിപ്പുകളിലെത്തുന്ന കണ്ടെയ്നറുകൾ വിഴിഞ്ഞത്തുവച്ച് ചെറുകപ്പലുകളിലേക്ക് മാറ്റി പ്രാദേശിക തുറമുഖങ്ങളിലേക്കും അയക്കാം.

ENGLISH SUMMARY:

Customs clearance has been granted for both import and export activities in Vizhinjam Port