കുറിയർ വന്ന രണ്ടു പാക്കറ്റുകളുമായി നില്‍ക്കുകയായിരുന്നു അവര്‍. കവര്‍ വിടാതെ മിനി നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരുന്നു. മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയുടെ സമീപം സ്‌റ്റെഫിന്‍റെ ചേതനയറ്റ ശരീരം ഇറക്കിയപ്പോള്‍ മുന്നിലേക്ക് അവര്‍ വന്നു നിന്നു. തിരുവല്ല പ്ലാമൂട്ടിൽ വർഗീസ് പി.ഈപ്പനും (ഷാജി) ഭാര്യ മിനിയും. ‘സ്റ്റെഫിൻ, നീ ഓർഡർ ചെയ്ത രണ്ട് ഷർട്ടുകൾ നീ എത്തുന്നതിനു മുൻപ് ഞങ്ങളുടെ കയ്യിൽക്കിട്ടി. ഇനി ഇതുമായി കുവൈത്തിലേക്കു വിമാനം കയറേണ്ടല്ലോ’– പതറിയ ശബ്ദത്തിൽ ഷാജി പറഞ്ഞൊപ്പിച്ചു.കേട്ടു നിന്നവര്‍ മുഖം പൊത്തി. ആര്‍ക്കും വിതുമ്പലടക്കാനായില്ല
കുവൈത്തിലെ തീപിടിത്തത്തിൽ മരിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് ഇരുപത്തൊമ്പതുകാരനായ പാമ്പാടി ഇടിമാരിയേൽ സ്റ്റെഫിൻ ഏബ്രഹാം സാബു രണ്ടു ഷർട്ടുകൾ ഓൺലൈൻ സൈറ്റിലൂടെ ഓർഡർ ചെയ്തത്. സുഹൃത്തായ ഷാജിയുടെ തിരുവല്ലയിലെ വിലാസമാണു നൽകിയിരുന്നത്. കുവൈത്തിലെ ആശുപത്രിയിൽ റേഡിയോഗ്രഫറായ ഷാജി അവധി കഴിഞ്ഞ് കുവൈത്തിലേക്കു മടങ്ങാനിരിക്കുകയാണ്. ‘ഷാജിച്ചായാ, തിരിച്ചുവരുമ്പോൾ ഞാൻ ഓർഡർ ചെയ്ത ഷർട്ടുകൾ കൂടി വാങ്ങി വരണേ...’ എന്ന് സ്റ്റെഫിൻ പറഞ്ഞിരുന്നു. ‘ഒ.കെ’ എന്ന് ഷാജി വാട്സാപ്പിൽ അയച്ച മറുപടി സ്റ്റെഫിൻ കാണുകയും ചെയ്തു. അതു കഴിഞ്ഞാണ് തീപിടിത്തം സ്റ്റെഫിൻ അടക്കമുള്ളവരുടെ ജീവനെടുത്തത്. 21 വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ് ഷാജി. 6 വർഷം മുൻപ് സ്റ്റെഫിൻ അവിടെ എത്തിയതു മുതലുള്ള സൗഹൃദം.
മന്ദിരം ആശുപത്രിയിൽനിന്നു സ്‌റ്റെഫിന്റെ വീട്ടിലെത്തി ഷാജിയും മിനിയും ഷർട്ടുകൾ കൈമാറിയ രംഗം ഹൃദയഭേദകമായിരുന്നു. ഈ ഷർട്ടുകളിലൊന്ന് അണിയിച്ചു സ്റ്റെഫിനെ യാത്രയാക്കണമെന്ന് പറയുമ്പോൾ ഷാജിക്ക് വാക്കുകള്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞൊഴുകി കണ്ടുനിന്നവര്‍ക്കും.