madukkara-case-gang

തമിഴ്നാട്ടിലെ മധുക്കരയില്‍ മലയാളി യാത്രക്കാരെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പൊലീസ്. കവര്‍ച്ചാക്കേസുകളിലും പ്രതിയായ പാലക്കാട് സ്വദേശിയാണ് മുഖ്യപ്രതി. ആക്രമണത്തിന് ശേഷം പ്രതികൾ കാറുകൾ മലമ്പുഴ ഡാം പരിസരത്ത് വനത്തിൽ ഒളിപ്പിച്ചു. തകര്‍ന്ന കാറുകള്‍ വനത്തില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കാറുകള്‍ നീക്കം ചെയ്യുന്നതിനിടെ കേസിലെ നാലു പ്രതികള്‍ പൊലീസിന്‍റെ പിടിയിലാകുകയായിരുന്നു. വ്യാജനമ്പര്‍ പ്ലേറ്റുകളാണ് പ്രതികള്‍ ആക്രമണ സമയത്ത് ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. 

കഴിഞ്ഞ ദിവസമാണ് സേലം– കൊച്ചി ദേശീയപാതയില്‍ പരസ്യക്കമ്പനി ഉടമയായ അസ്​ലമിനെയും സുഹൃത്തിനെയും ജീവനക്കാരെയും മുഖംമൂടിയെത്തിയ സംഘം ആക്രമിച്ചത്. മൂന്ന് വാഹനങ്ങളിലായെത്തിയ അക്രമിസംഘം ഇരുമ്പ് വടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് അസ്​ലമിന്‍റെ ഇന്നോവ അടിച്ച് തകര്‍ക്കുകയായിരുന്നു. കുഴല്‍പ്പണസംഘമെന്ന് തെറ്റിദ്ധരിച്ചായിരുന്നു യുവാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, അജയകുമാര്‍ എന്നിവരെ പൊലീസ് ഇന്നലെ പിടികൂടി. മറ്റുള്ളവര്‍ ഒളിവിലാണെന്നും വൈകാതെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

11 Miscreants in gang says police in Madukkara attack case.