തൃശൂര്‍ ഡി.സി.സി. പ്രസിഡന്‍റായി ചുമതലയേറ്റ പാലക്കാട് എം.പി.  വി.കെ.ശ്രീകണ്ഠന്‍ പാര്‍ട്ടിയില്‍ അച്ചടക്കം പുനസ്ഥാപിക്കാന്‍ കര്‍ശന നടപടി തുടങ്ങി. പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടവര്‍ അത് ഇരുപത്തിനാലു മണിക്കൂറിനകം ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കും. 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം തൃശൂര്‍ കോണ്‍ഗ്രസില്‍ അടിമുടി അച്ചടക്ക ലംഘനമാണ് അരങ്ങേറിയിരുന്നു. ഡി.സി.സി. ഓഫിസില്‍ അടി. നേതാക്കള്‍ക്ക് എതിരെ പോസ്റ്റര്‍ യുദ്ധം. ഫെയ്സ്ബുക്കില്‍ പോസ്റ്റുകളുടെ പെരുമഴയും. ഗ്രൂപ്പ് തിരിഞ്ഞുള്ള ഈ അടി നിര്‍ത്താനാണ് പുതിയ ഡി.സി.സി. പ്രസിഡന്‍റിന്‍റെ അന്ത്യശാസനം. ഡി.സി.സി. ഓഫിസില്‍ രാത്രി എട്ടു മണിക്കു ശേഷം ആരും തങ്ങേണ്ടെന്നാണ് പുതിയ നിര്‍ദ്ദേശം. പാര്‍ട്ടിയിലെ നിരന്തര പ്രശ്നക്കാരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. ഫെയ്സ്ബുക് പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടും ഡി.സി.സി പ്രസിഡന്റിന്റെ കൈവശമുണ്ട്. ഒറ്റക്കെട്ടായി പോയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഭാരവാഹികളുടെ യോഗത്തില്‍ നല്‍കിയത്. 

തദ്ദേശ തിരഞ്ഞെടുപ്പ് ഉന്നമിട്ട്, വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള കര്‍മപദ്ധതിയും ആവിഷ്ക്കരിച്ചു. അച്ചടക്ക നടപടികള്‍ അന്വേഷിക്കാന്‍ രൂപികരിച്ച ഉപസമിതി റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം തയാറാക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്ത് തിരിച്ചുപിടിക്കാന്‍ രണ്ടു നേതാക്കളെ കോഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഒ.അബ്ദുറഹ്മാന്‍ കുട്ടിയും മുന്‍ എം.എല്‍.എ. അനില്‍ അക്കരയ്ക്കുമാണ് ചുമതല. കുറേക്കാലമായി തൃശൂര്‍ കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടി നില്‍ക്കുന്ന ഐക്യമില്ലായ്മ പരിഹരിക്കാനാണ് ആദ്യ ശ്രമം. ജില്ലയിലെ പാര്‍ട്ടി നേതാക്കളും അണികളും പുതിയ ഡി.സി.സി. പ്രസിഡന്റിന്റെ നയങ്ങളോട് എങ്ങനെ പ്രതികരിക്കുമെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും.

ENGLISH SUMMARY:

V.K.Sreekandan started strict action to restore discipline in the party