നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കാനിരിക്കെ സെമസ്റ്റര്‍ ഫീസ് കുത്തനെ കൂട്ടി കേരള സര്‍വകലാശാല. സയന്‍സ് വിഭാഗം കോഴ്സുകള്‍ക്ക് പത്തിരട്ടിയിലേറെയാണ് ഫീസ് കൂട്ടിയത്. ജൂലൈയില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കാനിരിക്കെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇരുട്ടടി.
ത്രിവത്സര ബിരുദ കോഴ്സുകള്‍ മാറി നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കാനിരിക്കുകയാണ്. കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ കോഴ്സുകള്‍ക്ക് ചേരുംമുമ്പേ നടയടിയെത്തി..സെമസ്റ്റര്‍ ഫീസിന്റെ രൂപത്തില്‍ ... സയന്‍സ് വിഭാഗത്തില്‍ പ്രവേശനം പ്രതീക്ഷിക്കുന്ന വിദ്യാര്‍ഥികളാണ് ശരിക്കും പെട്ടുപോയത്.
12500 രൂപയാണ് പുതുക്കിയ സെമസ്ററര്‍ ഫീസെന്നാണ് ഡെപ്യൂട്ടി റജിസ്ട്രാറുടെ ഉത്തരവിലുളളത്. ഒരു വര്‍ഷം 25000 രൂപ ഫീസിനത്തില്‍ മാത്രം. മറ്റ് കോഴ്സുകള്‍ക്ക് 7500 രൂപയാണ് സെമസ്റ്റര്‍ ഫീസ്. സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ 1000 രൂപയും സര്‍ക്കാര്‍ കോളജുകളില്‍ 690 രൂപയുമാണ് നിലവിലെ ഫീസ്. നാലു വര്‍ഷ ബിരുദ കോഴ്സ് പിഴിയാനുളള ഉപാധിയാക്കരുതെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.