ശുചിത്വ കേരളമെന്ന് മേനി പറയുന്ന നമ്മുടെ നാട്ടില്‍ മലിനമായ വെളളവും ഭക്ഷണവും ജനങ്ങളെ രോഗക്കിടക്കിയിലാക്കുന്നുവെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. രണ്ടാഴ്ചയ്ക്കിടെ വയറിളക്ക രോഗങ്ങള്‍ പിടിപെട്ട് ചികില്‍സ തേടിയത് അമ്പതിനായിരത്തിലേറെ പേര്‍. ആറുമാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് ചികില്‍സ വേണ്ടി വന്നു. 22 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ആരോഗ്യകേരളം ശുചിത്വത്തില്‍ നമ്പര്‍ വണ്‍ എന്നൊക്കെയാണ് പതിറ്റാണ്ടുകളായി പാടി നടക്കുന്നത്. ആരോഗ്യവകുപ്പിന്റെ കണക്കുകളൊന്ന് നോക്കാം.
ഈ മാസം 10 ന് 3793 പേരാണ് ഗുരുതര–ഛര്‍ദി അതിസാര രോഗങ്ങള്‍ ബാധിച്ച് ചികില്‍സ തേടിയത്. 11ന് രോഗികളുടെ എണ്ണം 4030 ആയി ഇയര്‍ന്നു. 12ന് 3,910, 13ന് 4,185, 14ന് 3,728, 15ന് 3,525. മൂവായിരത്തിനും നാലായിരത്തിനും മുകളിലാണ് ഒാരോ ദിവസവും രോഗം ബാധിക്കുന്നവരുടെ എണ്ണം. ജൂണ്‍ 1 മുതല്‍ 16 വരെയുളള ദിവസങ്ങളില്‍ ഗുരുതര വയറിളക്ക രോഗങ്ങള്‍ക്ക് ചികില്‍സ തേടിയത് 49,415 പേരാണ്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് രോഗബാധിതര്‍ കൂടുതല്‍. രണ്ടാഴ്ചക്കിടെ 245 പേര്‍ക്ക്് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 1,179 പേര്‍ക്ക് രോഗം സംശയിക്കുന്നു. 3 പേര്‍ മരിച്ചു.
മലിനജലത്തിലൂടെയും ഈച്ചയാര്‍ക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും ഉള്ളിലെത്തുന്ന വൈറസുകളും ബാക്ടീരിയകളുമാണ് രോഗകാരികൾ. ശുചിത്വത്തില്‍ ഒന്നാമതെന്ന തളളും കേട്ട് നല്ലപോലെ ചൂടാക്കിയ വെളളം കുടിച്ചില്ലെങ്കില്‍ ഭക്ഷണം വൃത്തിയുളളതാണെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ ആശുപത്രി കയറിയിറങ്ങേണ്ടിവരും. ചിലപ്പോള്‍ മരണം വരെ സംഭവിച്ചേക്കാം..!