കലക്ടര്‍ നിര്‍ദേശിച്ചിട്ടും മൂന്നര സെന്‍റ് സ്ഥലത്തിന്‍റെ കരം തീര്‍ത്ത് നല്‍കുന്നില്ലെന്ന് ആരോപിച്ച് നെയ്യാറ്റിന്‍കര തഹസീല്‍ദാരുടെ ഓഫീസിന് മുന്നില്‍ വയോധിക തറയില്‍ കിടന്ന് പ്രതിഷേധിച്ചു. വിഴിഞ്ഞം കോട്ടുകാല്‍ സ്വദേശിയായ തങ്കമാണ് പ്രതിഷേധിച്ചത് പൊലീസ് എത്തി സമവായത്തിന് ശ്രമിച്ചെങ്കിലും വയോധിക വഴങ്ങാന്‍ തയാറായില്ല.
സ്ഥലത്തിന്‍റെ കരം തീര്‍ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടും തഹസീല്‍ദാര്‍ വഴങ്ങാത്തതാണ് ഇത്തരം ഒരു പ്രതിഷേധത്തിന് 74 കാരിയായ തങ്കത്തെ പ്രേരിപിച്ചത്. കയ്യില്‍ മരുന്നുകളുമായി എത്തിയ തങ്കം തഹസീല്‍ദാറുടെ ഓഫീസിന് പുറത്ത് തറയില്‍ തോര്‍ത്തുമുണ്ട് വിരിച്ച് കിടക്കുകയായിരുന്നു. 44 കൊല്ലമായി പല ഓഫീസുകളിലായി കയറിയിറങ്ങുവെന്നും തങ്കം ആരോപിച്ചു
പൊലീസ് എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വയോധിക വഴങ്ങിയില്ല. തുടര്‍ന്ന് പൊലീസിന്‍റെ സാന്നിധ്യത്തില്‍ തഹസീല്‍ദാര്‍ ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല . റീസര്‍വേ പ്രകാരം എട്ടുസെന്‍റ് ആണുള്ളതെന്നും ഇതില്‍ അഞ്ചുസെന്‍റ് മകള്‍ക്ക് കൊടുത്തിരുന്നു. ബാക്കി മൂന്ന് സെന്‍റില്‍ ഒന്നരസെന്‍റ് ഹൈവേയ്ക്ക് കൊടുത്തു. ഇനിയുള്ളതില്‍ പുറംപോക്ക് ഉണ്ടെന്നും അതില്‍ കരം തീര്‍ക്കാന്‍ അനുമതി നല്‍കാനാവില്ലെന്നുമാണ് തഹസീല്‍ദാരുടെ പ്രതികരണം.
ഇവരുടെ മൂന്ന് മക്കളും ഭിന്നശേഷിക്കാരാണ് .ആറുവര്‍ഷമായി ഇതേ ഓഫീസില്‍ കയറിയിറങ്ങുകയാണ്. വീണ്ടും സര്‍വെ നടത്തി ഭൂമി തിട്ടപ്പെടുത്താനാണ് താലൂക്ക് അധികാരികളുടെ തീരുമാനം. നാളെ രാവിലെ മുതല്‍ വീണ്ടും സമരം കിടക്കുമെന്നാണ് തങ്കം പറയുന്നത്.