കഥകളി അണിയറയിലെ മുതിർന്ന കലാകാരനും ഉടുത്തു കെട്ടിന്‍റെ തമ്പുരാനെന്ന് കഥകളി കലാകാരൻമാരെല്ലാം വിളിച്ചിരുന്ന അപ്പുണ്ണി തരകൻ അന്തരിച്ചു. അണിയറയിൽ നിന്ന് അരങ്ങിന്റെ ഉന്നതിയിൽ മുഴങ്ങിയ ഒരേ ഒരു പേരായിരുന്നു അപ്പുണ്ണി തരകൻ.
ഒളപ്പമണ്ണ തമ്പുരാൻ കളിയോഗത്തിലേക്ക് കൂട്ടിക്കൊണ്ടരുമ്പോൾ അപ്പുണ്ണിയേട്ടന് ഒൻപത് വയസ്സാണ്. പുലരും വരെ കഥകളിയുള്ള ഒളപ്പമണ്ണ മനയിൽ ഉടുത്തുകെട്ടിന്‍റെ ബാലപാഠങ്ങൾ കൈവശമാക്കാൻ ഒരു പതികാല നേരം മതിയായിരുന്നു അപ്പുണ്ണിയേട്ടന്. 42ആം വയസിൽ കലാമണ്ഡലത്തിലെത്തി. അണിയറയിൽ പിന്നെ നിറഞ്ഞു നിന്നത് പതിറ്റാണ്ടുകൾ.
നവതിയുടെ നിറവിലും മനസിന് പതിനേഴിന്‍റെ ചെറുപ്പവും കൈകൾക്ക് യുവത്വത്തിന്‍റെ വേഗവുമായി കച്ചപ്പെട്ടിക്ക് മേൽ അദ്ദേഹമുണ്ടായിരുന്നു. കുഞ്ചു കുറുപ്പാശാൻ തൊട്ട് കീഴ്പ്പടം കുമാരൻ നായരാശൻ കലാമണ്ഡലം പദ്മനാഭാശാൻ, രാമുട്ടിനായരാശാൻ, കോട്ടക്കൽ ശിവരാമാശാൻ, കലാമണ്ഡലം ഗോപിയാശാൻ തുടങ്ങി പല പ്രമുഖർക്കും ഒപ്പം കലോത്സവത്തിനെത്തുന്ന പുതു തലമുറക്കും ഒരുപാട് ഉടുത്ത് കെട്ടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ അമൃത് പുരസ്‌കാരമുൾപ്പടെ നിരവധി അംഗീകാരങ്ങൾ വാർധക്യത്തിന്‍റെ പൊൻവെയിൽ കാലത്താണ് അദ്ദേഹത്തെ തേടിയെത്തിയത്. വേഷ പകർച്ചയുടെ പാകതയും കണിശതയും അന്യമാവുന്നു അപ്പുണ്ണിയേട്ടൻ വിടപറയുമ്പോൾ.