north-police-station

TOPICS COVERED

പൊലീസ് കസ്റ്റഡിയില്‍ നിന്ന് പ്രതികളെ മോചിപ്പിച്ച കേസില്‍, ലോഡ്ജ് ഉടമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍. കൈകുഞ്ഞുങ്ങളുമായി ലോഡ്ജ് ഉടമയുടെ ഗര്‍ഭിണിയായ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തി. പൊലീസുമായി പിടിവലിക്ക് പിന്നാലെ സിഐ മുഖത്തടിച്ചുവെന്ന ആരോപണവുമായി യുവതി രംഗതെത്തി.  

 

ചൊവ്വാഴ്ച ഹമ്മിങ് ബേര്‍ഡ് ലോഡ്ജിലുണ്ടായ സംഭവങ്ങളുടെ തുടര്‍ച്ചയാണ് അറസ്റ്റും നാടകീയ രംഗങ്ങളും. ഹമ്മിങ് ബേര്‍ഡ് ലോഡ്ജില്‍ താമസിച്ചിരുന്ന യുവാവിന്‍റെ മൊബൈലും സ്കൂട്ടറും രണ്ടുപേര്‍ തട്ടിയെടുത്തു. വിവരമറിഞ്ഞെത്തിയ നോര്‍ത്ത് പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഹോം ഉടമ ബെന്‍ ജോണ്‍ വിഷയത്തില്‍ ഇടപെടുന്നത്. പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതിന് പുറമെ പ്രതികളെ മോചിപ്പിച്ചുവെന്നാണ് കേസ്. 

രണ്ട് പേരെ പിന്നീട് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതിയായ ബെന്നിനെ ഇന്നലെ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ബെന്നിന്‍റെ ഭാര്യ സ്റ്റേഷനിലെത്തിയത്. ഭര്‍ത്താവിനെ മര്‍ദിച്ചുവെന്നാരോപിച്ച് കൈക്കുഞ്ഞുങ്ങളുമായെത്തി സ്റ്റേഷന് മുന്നിലിരുന്നു. വനിത പൊലീസുകാര്‍ ഇടപെട്ട് ഇവരെ മാറ്റാന്‍ ശ്രമിച്ചതോടെ ഉന്തുംതള്ളുമായി. ഇതിനടയില്‍ സിഐ മര്‍ദിച്ചുവെന്നാണ് ആരോപണം.

സിഐ ഉള്‍പ്പെടെയുള്ളവര്‍ക്കും പരുക്കുകളുണ്ട്. പൊലീസ് സ്റ്റേഷന്‍റെ വാതിലും തകരാറിലായി. പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയതിനുള്‍പ്പെടെ ഷൈന്‍മോള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

Lodge Owner Arrested In Case Of Releasing Suspects; Pregnant wife Protest at police station