സിറോ മലബാര്‍ സഭയിലെ കുര്‍ബാന തര്‍ക്കത്തില്‍ സമവായ നീക്കവുമായി സിനഡ്. ജൂലൈ മൂന്നുമുതല്‍ ഞായറാഴ്ചകളില്‍ ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രീതിയില്‍ അര്‍പ്പിക്കണം. ഈ നിര്‍ദേശം പാലിക്കുന്ന വൈദികര്‍ക്കെതിരെ നടപടിയുണ്ടാകില്ല. എന്നാല്‍ നിര്‍ദേശം അംഗീകരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. ഏകീകൃത കുര്‍ബാന എറണാകുളം– അങ്കമാലി അതിരൂപതയില്‍ പൂര്‍ണമായും നടപ്പാക്കാനുള്ള തീയതി അടുത്ത സിനഡില്‍ പ്രഖ്യാപിക്കുമെന്നും സിനഡാനന്തര സര്‍ക്കുലറിലൂടെ സഭ വ്യക്തമാക്കി. അതേസമയം സര്‍ക്കുലര്‍ പൂര്‍ണമായും തള്ളിക്കളയുന്നതായി അല്‍മായ മുന്നേറ്റം പ്രതികരിച്ചു.
എറണാകുളം–അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതിന് നല്‍കിയ അന്ത്യശാസനത്തില്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ടാണ് സിറോ മലബാര്‍ സഭ സമവായ നീക്കം നടത്തിയിരിക്കുന്നത്. ജൂലൈ മൂന്നുമുതല്‍ പൂര്‍ണമായും ഏകീകൃത കുര്‍ബാന നടപ്പാക്കാത്ത വൈദികരെ സഭയില്‍നിന്ന് പുറത്താക്കുമെന്ന നിര്‍ദേശം മയപ്പെടുത്തി. ജൂലൈ മൂന്നുമുതല്‍ ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും ഏകീകൃത രീതിയില്‍ അര്‍പ്പിക്കണം. ഈ നിര്‍ദേശം പാലിക്കുന്ന വൈദികര്‍ക്കെതിരെ കാനോനിക നടപടികള്‍ ഉണ്ടാകില്ല. ഇതിന് തയാറാകാത്ത വൈദികര്‍ക്കെതിരെ നേരത്തെ നല്‍കിയിരുന്ന സര്‍ക്കുലര്‍ പ്രകാരം പുറത്താക്കല്‍ നടപടികള്‍ സ്വീകരിക്കും.
അതിരൂപതാംഗങ്ങള്‍ക്ക് ഏകീകൃത കുര്‍ബാന പരിചയിക്കുന്നതിന് സമയം അനുവദിക്കാമെന്ന് മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമവായ നീക്കം. ജനാഭിമുഖ കുര്‍ബാന തുടരാമെങ്കിലും സമയപരിധി ഓഗസ്റ്റില്‍ ചേരുന്ന സിനഡ് പ്രഖ്യാപിക്കും. പ്രായോഗികമായ പല നിര്‍ദേശങ്ങളും അതിരൂപതാംഗങ്ങളായ മെത്രാന്‍മാരും, അല്‍മായരും മുന്നോട്ടുവച്ചതുകൂടി ചര്‍ച്ച ചെയ്തശേഷമാണ് തീരുമാനത്തിലെത്തിയതെന്നും സിനഡാനന്തര സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ചേരിതിരിഞ്ഞുള്ള കലഹവും, പ്രസ്താവനകളും ഒഴിവാക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. സഭയിലുണ്ടായ മുറിവ് ഉണക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍, അതിരൂപതാംഗങ്ങളായ മെത്രാന്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി.
അതേസമയം ജനാഭിമുഖ കുര്‍ബാനയ്ക്ക് സാധുത നല്‍കണമെന്ന ആവശ്യം അംഗീകരിച്ചില്ല. സര്‍ക്കുലര്‍ വഞ്ചനയാണെന്നും, ഓണ്‍ലൈന്‍ സിനഡിനുശേഷം വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ പറഞ്ഞിരുന്ന നിര്‍ദേശങ്ങളല്ല സര്‍ക്കുലറില്‍ ഉള്ളതെന്നും അല്‍മായ മുന്നേറ്റം ആരോപിച്ചു. തുടര്‍ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും അല്‍മായ മുന്നേറ്റം അറിയിച്ചു.