rash-driving-munnar-mattupe

ഇടുക്കി മൂന്നാറിലെ വാഹനത്തിൽ അഭ്യാസപ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുത്ത് മോട്ടർവാഹന വകുപ്പ്. ഗ്യാപ്പ് റോഡിൽ അപകടകരമായ രീതിയിൽ ഓടിച്ച തമിഴ്നാട് റജിസ്‌ട്രേഷനിലുള്ള കാർ പിടിച്ചെടുത്തു. വാഹനം ഓടിച്ചവരുടെ ലൈസൻസ് റദ്ദ്  ചെയ്യും. 

 

മൂന്നാർ കേന്ദ്രികരിച്ചു വാഹനത്തിലുള്ള അഭ്യാസപ്രകടനം പതിവായതോടെയാണ് കടുത്ത നടപടികളുമായി മോട്ടർ വാഹനവകുപ്പ് രംഗത്തെത്തിയത്. മാട്ടുപ്പെട്ടി റോഡിൽ കാറിൽ അഭ്യാസപ്രകടനം നടത്തിയ തലശേരി സ്വദേശികൾക്ക് ഹാജരാവൻ നോട്ടീസ് നൽകി. വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ ഇന്നലെ രാവിലെ തമിഴ്നാട് സ്വദേശികൾ അഭ്യാസപ്രകടനം നടത്തിയ കാർ സ്പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു. വാഹനം മൂന്നാർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. 

പ്രദേശത്ത് കൂടുതൽ നിരീക്ഷണം നടത്താൻ മോട്ടർ വാഹനവകുപ്പിന് സംവിധാനങ്ങളില്ലെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ വാഹനത്തിൽ അഭ്യാസപ്രകടനം നടത്തുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നുമാണ് എൻഫോഴ്‌സ്മെന്‍ഫ് അർടിഒയുടെ വിശദീകരണം. രണ്ടാഴ്ചക്കിടെ ഗ്യാപ്പ് റോഡ് മേഖലയിൽ മാത്രം നാല് തവണയാണ് കാറുകളിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തിയത്. ഇത്തരക്കാർ മറ്റ് സഞ്ചാരികൾക്കും അപകടമുണ്ടാക്കുമെന്നും കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു നിരീക്ഷണം നടത്തണമെന്നുമാണ് മേഖലയിലെ കച്ചവടക്കാരുടെ ആവശ്യം. 

ENGLISH SUMMARY:

Motor Vehicles Department has taken action against those who performed stunts in a vehicle in Munnar, Idukki. A car with a Tamil Nadu registration has been seized. The licenses of the drivers involved will be revoked.