വയനാട് മക്കിമലയിൽ നിന്ന് കണ്ടെടുത്ത കുഴിബോംബ് നിയന്ത്രിത സ്ഫോടനത്തിലൂടെ നിർവീര്യമാക്കി. സ്ഥലത്ത് കൂടുതൽ ബോബുകൾ സ്ഥാപിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണ്. വയറും റിമോട്ടും ഘടിപ്പിച്ചു മറഞ്ഞു നിന്നുള്ള ആക്രമണമായിരുന്നു ലക്ഷ്യമെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ രാവിലെയോടെ കണ്ടെത്തിയ ഐ.ഇ.ഡി കുഴിബോംബുകൾ ബോംബ് സ്‌ക്വാഡ് എത്തി ഇന്ന് ഒമ്പത് മണിയോടെയാണ് നിർവീര്യമാക്കിയത്. പ്രദേശത്തു കൂടുതൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. മേഖലയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ് പി തപോഷ് ബസ്മതി മക്കിമലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു.
അതേ സമയം ബോംബ് കണ്ട സ്ഥലത്ത് സ്റ്റീൽ പാത്രവും ജലാറ്റിൻ സ്റ്റിക്കുകളുടെ അവശിഷ്ടങ്ങളും കണ്ടതായി ബോംബ് ആദ്യം കണ്ട വനം വകുപ്പ് വാച്ചർ ബാലചന്ദ്രൻ പറഞ്ഞു. ഒരാഴ്ച മുമ്പ് പുല്ലരിയാൻ പോയപ്പോൾ സ്ഥലത്ത് ആണിയും വയറും ഒക്കെ ഉള്ള പൊതി കണ്ടിരുന്നെന്നും ഇത് സ്ഫോകട വസ്തുക്കൾ എന്ന് അറിഞ്ഞപ്പോൾ ഞെട്ടിയെന്നും പ്രദേശവാസി പറഞ്ഞു