pantheerankavu-case

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പൊലീസ് ഹൈക്കോടതിയിൽ. നടന്നത് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ എന്ന രാഹുലിന്റെയും യുവതിയുടെയും വാദം തെറ്റാണ്. രാഹുൽ മദ്യപാനിയാണെന്നും ഒരുമിച്ച് ജീവിച്ചാൽ ഭാവിയിലും അയാളിൽ നിന്ന് കൂടുതൽ പീഡനങ്ങൾ യുവതിക്ക് നേരിടേണ്ടി വരുമെന്ന് ഉറപ്പാണെന്നും പൊലീസ് അറിയിച്ചു. 

 

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുൽ പി.ഗോപാൽ നൽകിയ ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഫറോക്ക് എസിപി സാജു കെ.അബ്രഹാം സത്യവാങ്മൂലം സമർപ്പിച്ചത്. ഭർത്താവ് മർദിച്ചിട്ടില്ലെന്നതടക്കമുള്ള യുവതിയുടെ സത്യവാങ്മൂലം രാഹുലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് പൊലീസ് പറയുന്നു. രാഹുൽ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. നടന്നത് വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ എന്ന രാഹുലിന്റെയും യുവതിയുടെയും വാദം തെറ്റാണ്. പരാതിക്കാരി പൊലീസ് സ്റ്റേഷനിൽ എത്തിയത് ഗുരുതര പരുക്കുകളോടെയാണ്. മെഡിക്കൽ പരിശോധനയിലും, സാക്ഷി മൊഴികളിലും ഇത് രാഹുലിൽ നിന്നേറ്റ പരിക്കുകളെന്ന് വ്യക്തമാണ്. 

സംഭവത്തിന് 11 ദിവസത്തിന് ശേഷം നൽകിയ രഹസ്യമൊഴിയിലും പരാതിയിൽ പറഞ്ഞ കാര്യങ്ങളാണ് യുവതി ആവർത്തിക്കുന്നത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു എന്ന വാദം അവിശ്വസനീയമാണ്. പരാതി സത്യമല്ലെന്ന് യുവതി പറഞ്ഞത് ഭീഷണി മൂലമായിരിക്കും. രാഹുൽ ഒരു മദ്യപാനിയാണെന്നും, ഒരുമിച്ച് ജീവിച്ചാൽ ഭാവിയിലും അയാളിൽ നിന്ന് കൂടുതൽ പീഡനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണെന്നും പൊലീസ് വ്യക്തമാക്കുന്നു. അന്വേഷണവുമായി സഹകരിക്കാത്ത നിലപാടാണ് രാഹുൽ സ്വീകരിച്ചിട്ടുള്ളത്. അന്വേഷണം മുന്നോട്ടു പോകണമെങ്കിൽ രാഹുലിന്റെ സാന്നിധ്യം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇയാളെ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെടുന്ന റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

Pantheerankavu domestic violence case; Police against accused Rahul.