കേരളത്തിന്‍റെ  ബാങ്കെന്ന് സര്‍ക്കാര്‍ ഉയർത്തിക്കാട്ടിയ  കേരളാ ബാങ്കിനെ റിസർവ് ബാങ്ക് തരം താഴ്ത്തിയത് സഹകരണ മേഖലക്ക് തിരിച്ചടിയാകുന്നു. സി ക്ളാസ് പട്ടികയിലേക്ക് തരം താഴ്ത്തി റിസര്‍വ്വ് ബാങ്ക് ഉത്തരവിറക്കി. ഇതോടെ വ്യക്തിഗത വായ്പാ വിതരണം പരിമിതപ്പെടും. 

കേരളാ ബാങ്കിനും സർക്കാരിനും തിരിച്ചടിയായാണ് കേരളാ ബാങ്കിനെ സി - ക്ളാസിലേക്ക് താഴ്ത്താനുള്ള റിസർവ് ബാങ്ക് തീരുമാനം. ഇത് വായ്പാ വിതരണത്തെ പ്രതികൂലമായി ബാധിക്കും.  രാഷ്ട്രീയ വത്കരണം മുതൽ പ്രവർത്തന മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്ചകൾ വരെ കേരളാ ബാങ്കിനെതിരെ  നബാര്‍ഡ് കണ്ടെത്തിയിരുന്നു. നബാർഡ്  റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് നടപടി. ഇതോടെ വ്യക്തിഗത വായ്പാ വിതരണത്തിൽ ഉൾപ്പെടെ  കേരളാ ബാങ്കിന് മേൽ  നിയന്ത്രണം വരും.

 സി ക്ലാസ് പട്ടികയിലേക്ക് താഴ്ത്തപ്പെട്ട കേരളാ ബാങ്കിന് വ്യക്തിഗത വായ്പകൾ 25 ലക്ഷത്തിൽ കൂടുതൽ നൽകാനാവില്ല. ഇക്കാര്യം കാണിച്ച് കേരളാ ബാങ്ക് ശാഖകളിലേക്ക് കത്ത് അയച്ചു. പുതിയ വായ്പകൾക്കൊപ്പം  അനുവദിച്ച വായ്പകളെല്ലാം ഘട്ടം ഘട്ടമായി കുറച്ച് കൊണ്ടുവരണമെന്നും കത്ത്  പറയുന്നു. ഇടപാടിൽ 80 ശതമാനം വ്യക്തിഗത വായ്പകളായതിനാൽ  റിസര്‍വ്വ് ബാങ്ക് തീരുമാനം കേരളാ ബാങ്കിന് വലിയ തിരിച്ചടിയാകും. റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ കൺട്രോളിംഗ് അതോറിറ്റി നബാര്‍ഡ് കടുത്ത വിമർശനമാണ് ഉയർത്തിയത്.  മൂലധന അപര്യാപ്തത ,   ഭരണ സമിതിയിലെ രാഷ്ട്രിയ നോമിനികൾ, ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്തത് , ഏഴ് ശതമാനത്തിൽ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തിന് പുറത്ത് പോയത് എന്നിവ അക്കമിട്ട് പറഞ്ഞ നബാർഡ് റിപ്പോർട്ടാണ് റാങ്കിംങ് സി യിലേക്ക് താഴ്ത്താൻ കാരണമായത്.

ENGLISH SUMMARY:

Reserve Bank has downgraded Kerala Bank