kerala-accident

TOPICS COVERED

സംസ്ഥാനത്ത് വാഹനാപകടപരമ്പര. പലയിടങ്ങളിലായി നടന്ന എട്ട് അപകടങ്ങളിലായി മൂന്നുപേര്‍മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കനത്തമഴയെത്തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം വിടുന്നതാണ് പല അപകടങ്ങള്‍ക്കും കാരണം

 

കോതമംഗലത്തിന് സമീപം കുത്തുകുഴിയിൽ പിക് അപ് വാനുമായി കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മരിച്ചു. ഇടുക്കി മുരിക്കാശ്ശേരി സ്വദേശി നിഖിലാണ് മരിച്ചത്. രാവിലെ കുത്തുകുഴി സഞ്ചിക മാർക്കറ്റിന് സമീപത്തായിരുന്നു അപകടം. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ മാനന്തേരിയിൽ കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അയ്യപ്പൻകാവ് സ്വദേശി ജമീല മരിച്ചു. കാറിലുണ്ടായിരുന്ന നാല് ബന്ധുക്കൾക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. 

മൂന്നാർ പെരിയവാരയിൽ ജീപ്പ് മറിഞ്ഞ് ഡ്രൈവർ മുനിയാണ്ടി മരിച്ചു; പരുക്കേറ്റ ആറുപേരില്‍ ഒരാളുടെ നില ഗുരുതരം  . പത്തനംതിട്ട പൂങ്കാവില്‍ നിര്‍ത്തിയിട്ട ടിപ്പറിന് പിന്നില്‍ സ്കൂട്ടറിടിച്ച് യാത്രക്കാരിക്ക് ഗുരുതര പരുക്ക് .കോന്നി മെഡി.കോളജിലെ നഴ്സ് സജിതയ്ക്കാണ് പരുക്കേറ്റത് . പാലക്കാട് ചെർപ്പുളശേരിയിൽ  വ്ളോഗർമാരായ ഇബുള്‍ ജെറ്റ് സഹോദരൻമാരും കുടുംബവും സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. എബിനും  ലിബിനും ഒരു കുട്ടിയും അടക്കം 6 പേർക്ക് പരുക്കുണ്ട്.  പരുക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയിൽ തീർഥാടനയാത്ര കഴിഞ്ഞ് മടങ്ങിവരുബോൾ കാറുമായി നേർക്കുനേർ കൂട്ടിയിടിച്ചാണ്  അപകടം. 

 

പട്ടാമ്പി, പെരിന്തൽമണ്ണ പാതയിൽ ആമയൂരിൽ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് പട്ടാമ്പി ഭാഗത്ത് നിന്നുള്ള സ്വകാര്യ ബസിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്വകാര്യ ബസിന്റെ മുൻഭാഗം തകർന്നു.  യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പ്രദേശത്ത് അര മണിക്കൂറിലേറെ ഗതാഗതക്കുരുക്കുണ്ടായി. കോഴിക്കോട് മുക്കം കാരശേരി മാടമ്പുറം വളവില്‍ ടാങ്കര്‍ ലോറി തെന്നിമാറി. എതിര്‍ ഭാഗത്തു നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കാതെ പോയത് തലനാരിഴയ്ക്കാണ്. ലോറി മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ആര്‍ക്കും പരുക്കില്ല

എറണാകുളം പട്ടിമറ്റം ഹൈസ്കൂളിന് സമീപം ചരക്കുലോറി പെരിയാർവാലി കനാലിലേക്ക് തലകീഴായി മറിഞ്ഞു. ഡ്രൈവറെയും ക്ലീനറെയും നിസാര പരുക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 
ENGLISH SUMMARY:

Accident series in kerala, three dies